നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ യു ടേണ്‍; മന്ത്രി എം.എം. മണിക്കെതിരേ വേശ്യാചിത്രീകരണ ആരോപണം ഉന്നയിച്ചില്ല; സ്ത്രീകളെ അപമാനിച്ചെന്ന് ഒഴുക്കന്‍ കുറ്റപ്പെടുത്തല്‍; മഞ്ഞ വാര്‍ത്തയ്ക്ക് ഒന്നര ദിവസത്തിനു ശേഷം അകാലമരണം

തിരുവനന്തപുരം: മന്ത്രി എം എം മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ വേശ്യകളായി ചിത്രീകരിച്ചു എന്ന ആരോപണത്തില്‍നിന്നു പ്രതിപക്ഷം പിന്മാറി. ഞായറാഴ്ച ഉച്ച മുതല്‍ മാധ്യമങ്ങളിലൂടെ നിരന്തരം ഉന്നയിച്ച ഈ വാദം ഔപചാരികമായി മുന്നോട്ടുവയ്‌ക്കേണ്ട നിയമസഭയില്‍ അതു ചെയ്യാന്‍ പ്രതിപക്ഷം തയ്യാറായില്ല.

മന്ത്രി സ്ത്രീകളെ അധിക്ഷേപിച്ചു, ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ഷേപിച്ചു എന്ന് പ്രതിപക്ഷം ആരോപണങ്ങള്‍ പുതുക്കുകയായിരുന്നു. ഇതു മുന്‍നിര്‍ത്തി മന്ത്രിക്കെതിരേ കേസെടുക്കണമെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നും അദ്ദേഹം രാജിവയ്ക്കണമെന്നുമൊക്കെ പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു.

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ വേശ്യകളായി ചിത്രീകരിച്ചു എന്നതായിരുന്നു മന്ത്രിക്കെതിരേ ഉയര്‍ന്ന വിവാദത്തിന്റെ കാതല്‍. സമരത്തില്‍ പങ്കെടുത്തവര്‍ മദ്യപിക്കുകയും കാട്ടില്‍ അവിഹിതകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു എന്നു മന്ത്രി പ്രസംഗിച്ചു എന്ന വാര്‍ത്തയാണ് ഞായറാഴ്ച ഉച്ചയോടെ ഏതാനും ചാനലുകള്‍ പുറത്തുവിട്ടത്. ഇതേ വാദം ഉയര്‍ത്തിക്കൊണ്ടാണ് ഞായറാഴ്ച ഉച്ചയോടെ മന്ത്രിക്കെതിരേ ഗോമതി സമരം തുടങ്ങിയത്. കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ പിന്‍തുണയോടെയായിരുന്നു അത്. ചരിത്രം കുറിച്ച അവകാശപ്പോരാട്ടത്തിലൂടെ ശ്രദ്ധേയരായ തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കെതിരേ മന്ത്രി ഇത്തരത്തില്‍ സംസാരിച്ചു എന്ന പ്രതീതിയാണ് വാര്‍ത്തയും സമരവും ചേര്‍ന്ന് കേരളത്തില്‍ സൃഷ്ടിച്ചത്. ഈ പ്രതീതിയോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് സ്വന്തം ചേരിയില്‍നിന്നു വരെ മന്ത്രി വിമര്‍ശനം ഏറ്റുവാങ്ങിയത്.

ഇതിനു പിന്നാലേ തന്നെ മന്ത്രിയുടെ പ്രസംഗത്തിന്റെ വിവാദഭാഗം പുറത്തുവിട്ടുകൊണ്ട് വിവാദക്കാരുടെ വാദങ്ങള്‍ അസ്ഥാനത്താണെന്ന് കൈരളി പീപ്പിള്‍ വ്യക്തമാക്കിയിരുന്നു. കൈരളി ഓണ്‍ലൈനില്‍ ഓട്ടേറെപ്പേര്‍ ഈ ദൃശ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഇതേക്കുറിച്ചുള്ള വിശകലനം വായിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച ഒരു ചാനല്‍ ചര്‍ച്ചയില്‍ ഗോമതി വേശ്യാപരാമര്‍ശ വാദം അവതരിപ്പിക്കുകയും ചെയ്തു. പൊമ്പിളൈ ഒരുമൈക്കാര്‍ കുടിയും കൂത്താട്ടവും നടത്തി, സമരത്തിനു വന്ന ആണുങ്ങളോടൊപ്പം കുടിച്ച് കാട്ടില്‍ക്കയറി എന്നൊക്കെ മന്ത്രി പ്രസംഗിച്ചതായി ഗോമതി കുറ്റപ്പെടുത്തി. ഇതില്‍ എഎസ്പി മെറിനും പങ്കാളിയായിരുന്നു എന്നു മന്ത്രി പറഞ്ഞതായിവരെ ഗോമതി ആരോപിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ഇതു ശരിവച്ചു. എന്നാല്‍, ഇക്കാര്യങ്ങള്‍ പ്രസംഗത്തിന്റെ ദൃശ്യരേഖയില്‍ ഇല്ലല്ലോ എന്ന് ചര്‍ച്ചയുടെ അവതാരകനു തന്നെ ചോദിക്കേണ്ടി വന്നു. അപ്പോള്‍, തങ്ങള്‍ ടിവിയില്‍ക്കണ്ട പ്രസംഗത്തില്‍ അതുണ്ടായിരുന്നു എന്നായിരുന്നു ഗോമതിയുടെ മറുപടി.

തിങ്കളാഴ്ച രാത്രി കൈരളി പീപ്പിളിലെ ന്യൂസ് ആന്‍ഡ് വ്യൂസിലും മന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം വിശകലനവിധേയമായിരുന്നു. മന്ത്രി വിമര്‍ശിച്ചത് ഏതാനും ചാനല്‍ പ്രവര്‍ത്തകരെയും മൂന്ന് പുരുഷ ഉദ്യോഗസ്ഥരെയും അവരുടെ അവിശുദ്ധചെയ്തികളെയുമായിരുന്നുവെന്നും ഇതോടെ വ്യക്തമായി. ഒന്നാം ദൗത്യത്തിന്റെ കാലത്തും പൊമ്പിളൈ ഒരുമൈ സമരകാലത്തും നടന്ന ഉദ്യോഗസ്ഥരുടെയും ചാനല്‍ പ്രവര്‍ത്തകരുടെയും അവിശുദ്ധചെയ്തികള്‍ ഈ ദൗത്യത്തിന്റെ കാലത്തും തുടരുന്നു എന്നാണ് മന്ത്രി പറഞ്ഞത് എന്നും തെളിഞ്ഞു. പൊമ്പിളൈ ഒരുമൈ സമര കാലത്ത് ഒരു ഡിവൈഎസ്പിയും ഏതാനും ചാനല്‍ പ്രവര്‍ത്തകരും കൂടി മദ്യപാനവും മറ്റു പണികളും കാട്ടില്‍ നടത്തി എന്ന പ്രസംഗഭാഗത്തിന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ കുടിച്ചു കൂത്താടി എന്നാണ് അര്‍ത്ഥമെന്നു വ്യാഖ്യാനിച്ച വിവാദക്കാര്‍ അതോടെ തുറന്നുകാട്ടപ്പെട്ടു.

ഇതിനും പിന്നാലേയാണ്, ചൊവ്വാഴ്ച പ്രതിപക്ഷം സഭയില്‍ ഈ പ്രശ്‌നം അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ചത്. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഔപചാരികമായും കൃത്യമായും ഉന്നയിക്കാനുള്ള ആ ഔദ്യോഗികവേദിയില്‍ മന്ത്രി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ വേശ്യകളായി ചിത്രീകരിച്ചു എന്ന ആരോപണം ഉന്നയിക്കാതിരിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. പകരം, മന്ത്രി സ്ത്രീകളെ അധിക്ഷേപിച്ചു എന്ന കൃത്യതയില്ലാത്ത ആരോപണത്തിലേയ്ക്ക് പിന്‍വാങ്ങി പ്രതിപക്ഷം മന്ത്രിക്കെതിരായ നിലപാട് തുടരുകയും ചെയ്തു.

മന്ത്രി മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ വേശ്യകളായി ചിത്രീകരിച്ചു എന്ന ആരോപണം വിവാദക്കാര്‍ ഉപേക്ഷിക്കുമ്പോള്‍ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ വാര്‍ത്ത വളച്ചൊടിക്കലിനാണ് അകാലമരണം സംഭവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News