രണ്ടില ചിഹ്നത്തിനു കോഴ നൽകിയ കേസിൽ ടിടിവി ദിനകരൻ അറസ്റ്റിൽ; ദില്ലി പൊലീസ് നടപടി നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം; ദിനകരൻ കുറ്റം സമ്മതിച്ചതായി സൂചന

ദില്ലി: രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷനു കോഴ നൽകാൻ ശ്രമിച്ച കേസിൽ എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരൻ അറസ്റ്റിൽ. നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ദില്ലി പൊലീസ് ആണ് ദിനകരനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി വൈകിയാണ് ദിനകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദിനകരൻ കുറ്റം സമ്മതിച്ചതായാണ് സൂചന.

വിശ്വസനീയമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് ദില്ലി പൊലീസ് പറയുന്നത്. കഴിഞ്ഞ നാലു ദിവസമായി ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ഏപ്രിൽ 17നാണ് ദിനകരനെ കോഴ നൽകാൻ ശ്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം ശശികല പക്ഷത്തിനു ലഭിക്കുന്നതിനായി ഇടനിലക്കാരൻ വഴി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കോഴ വാഗ്ദാനം ചെയ്തു എന്നാണ് കേസ്.

ശശികലയും പനീർസെൽവവും തമ്മിലുള്ള തർക്കത്തെ തുടർന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരുന്നു. ശശികല പക്ഷത്തിനു തന്നെ തെരഞ്ഞെടുപ്പിൽ ചിഹ്നം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ദിനകരൻ കോഴ നൽകാൻ ശ്രമിച്ചത്.

ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന ആർ.കെ.നഗറിലെ ഉപതെരഞ്ഞെടുപ്പിൽ ശശികല പക്ഷത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു ദിനകരൻ. സുകേഷ് ചന്ദ്രശേഖർ എന്നയാൾ ഹൈക്കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദിനകരന് രണ്ടില ചിഹ്നം നൽകാമെന്ന് വാഗ്ദാനം നൽകിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News