വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന; കൊല്ലത്തെ വിവാദ വ്യവസായിക്കായി ക്രമവിരുദ്ധമായി പൂജ നടത്തിയെന്നു കണ്ടെത്തൽ

സന്നിധാനം: വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ആചാരലംഘനം നടന്നതായി കണ്ടെത്തിയത്. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ദേവസ്വം മന്ത്രിക്കും ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്കും കൈമാറി. ഉത്തരവാദികൾക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്നു റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.

സോപാനത്തെ സ്ത്രീപ്രവേശം സംബന്ധിച്ച് വിവാദമുയർന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം നടത്താൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശിച്ചിരുന്നത്. ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി 26 പേജുള്ള റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. സ്ത്രീകളുടെ പ്രവേശനം, വിവാദ വ്യവസായിയുടെ സോപാനത്തെ താമസവും മറ്റു ഇടപെടലും, ഇയാൾക്കുവേണ്ടി ക്രമവിരുദ്ധമായി പൂജ നടത്തിയെന്ന ആരോപണം, പ്രമുഖ മലയാള നടൻ ശ്രീകോവിലിനു മുന്നിൽ ഇടയ്ക്ക കൊട്ടിപ്പാടിയത് തുടങ്ങിയ വിഷയങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്.

ഇതിൽ സ്ത്രീകളുടെ പ്രവേശനത്തിൽ ആചാരലംഘനം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ദേവസ്വം വിജിലൻസ് ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, വിഷു ഉത്സവസമയത്ത് കൊല്ലത്തെ വിവാദ വ്യവസായിക്കുവേണ്ടി ബോർഡ് അധികൃതർ ക്രമവിരുദ്ധമായി പൂജ നടത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, വിവാദ വ്യവസായിക്ക് ബോർഡിലെ ചില ഉന്നതർ സോപാനത്തും മറ്റും പലപ്പോഴും വഴിവിട്ട സഹായം ചെയ്തു കൊടുക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിവാദ വ്യവസായിയുടെ ബന്ധുക്കൾക്കൊപ്പമാണ് പ്രമുഖ മലയാള നടൻ സന്നിധാനത്തെത്തിയത്. പൂജാ സമയത്ത് ദേവസ്വം ജീവനക്കാരനിൽ നിന്നും ഇടയ്ക്ക വാങ്ങി നടൻ സോപാനത്ത് കൊട്ടിപ്പാടിയതും ആചാരലംഘനമാണെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഇക്കാര്യവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം, നട നേരത്തെ തുറന്നതിൽ ആചാരാനുഷ്ഠാനങ്ങളുടെ ലംഘനമല്ലെന്ന തന്ത്രിയുടെ വിശദമായ മൊഴിയും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ദേവസ്വം വിജിലൻസ് എസ്പി രതീഷ്‌കൃഷ്ണയുടെ മേൽനോട്ടത്തിൽ എസ്‌ഐ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here