ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. തെരഞ്ഞെടുപ്പ് നടന്ന 272 സീറ്റുകളിൽ 180 ഓളം സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചു. കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എഎപി രണ്ടാം സ്ഥാനത്തെത്തി. ആപ് 47ഉം സീറ്റുകളിലും കോൺഗ്രസ് 27ഉം സീറ്റുകളിൽ മുന്നേറുകയാണ്. തെക്ക്, വടക്ക്, കിഴക്ക് എന്നീ മൂന്നു കോർപ്പറേഷനുകളിലും ബിജെപി മുന്നേറ്റമാണ്.
ഫലം പ്രഖ്യാപിച്ച സീറ്റുകളിൽ ഭൂരിഭാഗവും ബിജെപി ആണ് വിജയിച്ചത്. ഇതാദ്യമായാണ് ആം ആദ്മി പാർട്ടി ദില്ലി മുൻസിപ്പൽ കോർപറേഷനുകളിൽ മത്സരിക്കുന്നത്. രണ്ടു വർഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കെജ്‌രിവാൾ സർക്കാരിനേറ്റ തിരിച്ചടിയായാണ് ബിജെപിയുടെ ജയത്തെ കാണുന്നത്.
ബി.ജെ.പി ഭരണത്തിലിരിക്കുന്ന കോർപറേഷനുകൾ ആണെങ്കിൽ കൂടിയും മികച്ച പോരാട്ടം പോലും ആപ്പിന് നടത്താൻ കഴിഞ്ഞില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ബാക്കി പത്രം. അടുത്തിടെ രജൗരിഗാർഡൻ നിയമസഭാ സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു വിജയം. അന്നു കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ട തോൽവിയായിരുന്നു ആപ്പിന്.
തെക്ക്, വടക്ക് എംസിഡികളിൽ 104 വീതവും കിഴക്കൻ ദില്ലി എംസിഡിയിൽ 64 വാർഡുകളുമാണുള്ളത്. 10 വർഷമായി ദില്ലിയിലെ മൂന്നു എംസിഡികളും ഭരിക്കുന്നത് ബിജെപിയാണ്.
Get real time update about this post categories directly on your device, subscribe now.