ഇമാന്റെ ചികിത്സയില്‍ ആരോപണവുമായി ബന്ധുക്കള്‍; മനംനൊന്ത് ചികിത്സാ സംഘത്തിലെ ഡോക്ടര്‍ രാജിവെച്ചു

മുംബൈ : ഇമാന്റെ കുടംബത്തിന്റെ ആരോപണത്തില്‍ മനംനൊന്ത് ചികിത്സാസംഘത്തിലെ ഡോക്ടര്‍ രാജി വെച്ചു. ഇമാന്റെ ആരോഗ്യ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഹോദരി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ചികിത്സാ സംഘത്തില്‍ നിന്നും അപര്‍ണ്ണ ഗോപില്‍ ഭാസ്‌കര്‍ എന്ന ഡോക്ടറുടെ രാജി.

ഈ മാസം14 ന് ആണ് സഹോദരി ഷെയ്മ അഹമ്മദ് ഇമാനെ ചികിത്സിക്കുന്ന സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചത്. ഇമാന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും ഇമാന്റെ ആരോഗ്യസ്ഥിതി വഷളായെന്നുമാണ് ഷെയ്മ വീഡിയോയില്‍ ആരോപിച്ചത്.

തന്റെ പിന്‍മാറല്‍ സംബന്ധിച്ച് വൈകാരികമായ ഒരു പോസ്റ്റും അപര്‍ണ്ണ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. മരുന്നുകളുടെ ലോകം ഒരു നന്ദികെട്ട ജോലിയാണെന്ന് പറഞ്ഞാണ് അപര്‍ണ പോസ്റ്റ് തുടങ്ങുന്നത്. ഹൃദയവും ആത്മാവും അര്‍പ്പിച്ചാണ് ഞങ്ങള്‍ ഇമാനെ ചികിത്സിച്ചത്. അവരോട് നല്ല ഒരു ആത്മ ബന്ധവും ഉണ്ടായിരുന്നു. – ഡോക്ടര്‍ പറയുന്നു.

മൂന്നു വയസ്സുകാരന്‍ മകന് കൊടുക്കുന്നതിലും കൂടുതല്‍ സംരക്ഷണം അവര്‍ക്ക് നല്‍കി. എന്നാല്‍ ഇമാന്റെ സഹോദരിയുടെ ആരോപണം വല്ലാതെ വേദനിപ്പിച്ചുവെന്നും അപര്‍ണ കുറിക്കുന്നു. ഇമാന്റെ തൂക്കം 500 ല്‍ നിന്ന് 171 കിലോയിലേക്ക് കുറഞ്ഞെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ അത്തരത്തിലുള്ള ഉപകരണമോ ചികിത്സാ സംവിധാനമോ ആശുപത്രിയില്‍ ഇല്ല എന്നാണ് സഹോദരി ആരോപിച്ചത്. എന്നാല്‍ ആശുപത്രിയില്‍ തന്നെ തുടരാനുള്ള ഇമാന്റെ കുടുംബത്തിന്റെ തന്ത്രമാണ് ആരോപണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News