പത്തനംതിട്ട: ചിരിയുടെ വലിയ തമ്പുരാൻ മാർത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് ഇന്നു നൂറാം പിറന്നാൾ. ചിരിയുടെ തമ്പുരാന്റെ ജൻമശതാബ്ദി വലിയ ആഘോഷമാക്കുകയാണ് സഭ വിശ്വാസികൾ. 1917 ഏപ്രിൽ 27നാണ് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ കെ.ഇ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി ഫിലിപ്പ് ഉമ്മൻ ജനിച്ചത്.
പിന്നീടിങ്ങോട്ട് നൂറു വർഷത്തെ ജീവിതത്തിനിടയിൽ ചിരിയുടെ തമ്പുരാനായി മാറിയ മാർ ക്രിസോസ്റ്റം തിരുമേനിക്ക് സന്തോഷങ്ങളെക്കാൾ സങ്കടങ്ങളായിരുന്നു കൂട്ട്. ക്രിസോസ്റ്റം തിരുമേനിയെന്നാൽ വിശ്വസികൾക്കും മറ്റുള്ളവർക്കും നർമ്മത്തിന്റെ തമ്പുരാനാണ്. കുറിക്കു കൊള്ളുന്ന നർമ്മമാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ ആരാധാകരുടെ കൂട്ടുകാരനാക്കുന്നത്.
മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ബിരുദ പഠനത്തിന് തെരഞ്ഞെടുത്തത് ആലുവ യു.സി കോളജ് ആയിരുന്നു. അതിനു ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തിയ അദ്ദേഹത്തിന് 1944-ൽ ശെമ്മാശ, കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു.
1953-ൽ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാർ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്. 1999 ഒക്ടോബർ 23 ന് സഭയുടെ 20-ാമത് മാർത്തോമാ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റ അദ്ദേഹം 2007-ൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനത്യാഗം ചെയ്തു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം വലിയ മെത്രാപ്പൊലീത്ത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം. നൂറിന്റെ നിറവിലെത്തിയ വലിയ തിരുമേനിക്ക് കൈരളി ടിവിയുടെ നൂറു പിറന്നാൾ ആശംസകൾ.
Get real time update about this post categories directly on your device, subscribe now.