മൂന്നാർ വിവാദം വഴിതെറ്റുന്നെന്നു മാധ്യമമേഖലയ്ക്കു വീണ്ടുവിചാരം; എം.എം മണിയിൽ വിവാദം കേന്ദ്രീകരിക്കരുതെന്നു ഷാജൻ സ്‌കറിയ; അതു കയ്യേറ്റക്കാർ രക്ഷപ്പെടാൻ വഴിയൊരുക്കും

തിരുവനന്തപുരം: മൂന്നാർ വിവാദം വഴിതെറ്റുന്നുവെന്ന് മാധ്യമമേഖലയ്ക്കു വീണ്ടുവിചാരം. മന്ത്രി എം.എം മണിക്കെതിരെ വിവാദം കേന്ദ്രീകരിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയ. ഇതു മൂന്നാർ പ്രശ്‌നത്തെ വഴി തെറ്റിക്കുമെന്നും കൈയേറ്റക്കാർ രക്ഷപ്പെടാൻ കളമൊരുങ്ങുമെന്നും ഷാജൻ മുന്നറിയിപ്പ് നൽകുന്നു.

മൂന്നാർ ചർച്ച വഴിതെറ്റിയതിന് രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും കുറ്റക്കാരാണെന്നു അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു: ‘ചർച്ചകൾ എല്ലാം മണിയുടെ ഭാഷയിലേക്കു മാറിയതിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ട്. മണിയിൽ മാത്രം വിഷയം ഒതുക്കി കയ്യേറ്റക്കാരെ രക്ഷിക്കാൻ ആണ് എല്ലാ പാർട്ടിക്കാരും ചേർന്നു ശ്രമിക്കുന്നത്. ഇതിനു മാധ്യമങ്ങളും കുട പിടിക്കുന്നു.’

‘മൂന്നാർ കയ്യേറി വച്ചിരിക്കുന്നത് സിപിഎമ്മുകാർ മാത്രമല്ല. ഇപ്പോൾ നല്ല പിള്ള ചമയുന്ന സിപിഐക്കാർ വരെയുണ്ട്. അവരെയെല്ലാം പുറത്താക്കുകയാണ് യഥാർത്ഥ വിഷയം.’

പാറമടകൾക്കു സമ്പൂർണ നിരോധനം ഏർപ്പെടുത്തുക, അനുമതിയില്ലാത്ത മുഴുവൻ റിസോർട്ടുകളും പൂട്ടിക്കുക, മാധ്യമ സ്ഥാപനങ്ങൾ അടക്കമുള്ള പ്രമുഖരുടെ കയ്യിലുള്ള സർക്കാർ ഭൂമി തിരിച്ചു പിടിക്കുക, നേതാക്കന്മാരുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് അവസാനിപ്പിക്കുക, പള്ളികളും അമ്പലങ്ങളും പാർട്ടി ഓഫീസുകളും അടക്കമുള്ള മുഴുവൻ കൈയേറ്റ ഭൂമിയും ഒഴിപ്പിക്കുക തുടങ്ങിയവയാണ് ആദ്യം ചെയ്യേണ്ടത്. പാവപ്പെട്ട കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പട്ടയം നൽകുകയും വേണം-ഷാജൻ സ്‌കറിയ നിർദ്ദേശിച്ചു.

ഇതല്ലാതെ മണി മണി എന്നു പറഞ്ഞു ബഹളം വച്ചുകൊണ്ടിരുന്നാൽ മൂന്നാർ ഇനിയും വെളുത്തുകൊണ്ടിരിക്കുമെന്നും അതനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here