മുംബൈ: ബോളിവുഡ് നടൻ വിനോദ് ഖന്ന അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ രോഗ ബാധയെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് കാൻസർ രോഗ ബാധിതനായ അദ്ദേഹത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പഞ്ചാബിലെ ഗുർദാസ്പൂരിൽനിന്നുള്ള എംപി കൂടിയാണ് വിനോദ് ഖന്ന.
മൂത്രാശയ കാൻസറിന് അടിപ്പെട്ട് മുംബൈയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അദ്ദേഹത്തിനു വൃക്ക നൽകാൻ തയ്യാറായി ബോളിവുഡ് നടൻ ഇർഫാൻ ഖാൻ രംഗത്തെത്തിയിരുന്നു.
ബോളിവുഡിൽ 1970-80 കാലഘട്ടത്തിലെ മുൻ നിര നായകനായിരുന്നു വിനോദ് ഖന്ന. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, സുനിൽദത്ത് തുടങ്ങിയവർക്കൊപ്പം തലയെടുപ്പോടെ നിന്ന നായകനടനായിരുന്നു അദ്ദേഹം.
1968-ൽ സുനിൽ ദത്ത് നിർമിച്ച മൻ ക മീത് എന്ന ചിത്രത്തിലൂടെയായിരുന്നു വിനോദ് ഖന്നയുടെ ബോളിവുഡ് അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് 141 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരു കാലത്ത് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനോളം തന്നെ തലയെടുപ്പോടെ അദ്ദേഹം ബോളിവുഡിൽ നിറഞ്ഞു നിന്നു. 1970-80 കാലഘട്ടത്തിൽ ബോളിവുഡിലെ മുൻനിര നായകനായി അദ്ദേഹം വളർന്നു.
മേരേ അപ്‌നേ, മേരാ ഗാവ് മേരാ ദേശ്, ഗദ്ദാർ (1973), ജയിൽ യാത്ര, ഇംതിഹാൻ, ഖച്ചേ ദാഗേ, അമർ അക്ബർ ആന്റണി, ഖുർബാനി, കുദ്രത്, ദയവാൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. ദീവാനപൻ (2002), റിസ്‌ക് (2007) എന്നിവയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങൾ. 1999-ൽ ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു.
1997-ൽ ബിജെപിയിൽ ചേർന്നു. ഗുർദാസ്പൂർ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഗീതാഞ്ജലിയാണ് വിനോദ് ഖന്നയുടെ ഭാര്യ. അക്ഷയ് ഖന്ന, രാഹുൽ ഖന്ന എന്നിവർ മക്കളാണ്. 1997-ൽ മകനായ അക്ഷയ് ഖന്നയെയും അദ്ദേഹം സിനിമയിൽ എത്തിച്ചു.
1990-ൽ വിവാഹമോചിതനായ അദ്ദേഹം കവിതയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലും രണ്ടു മക്കളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here