ലോക്പാൽ നിയമനങ്ങൾ വൈകുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി; ന്യായീകരണമില്ലെന്നും നിയമഭേദഗതി വരെ കാത്തിരിക്കേണ്ടെന്നും കോടതി

ദില്ലി: ലോക്പാൽ നിയമനങ്ങൾ വൈകുന്നതിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. നിയമനങ്ങൾ വൈകിപ്പിക്കുന്നതിൽ ന്യായീകരണമില്ലെന്നും നിയമഭേദഗതി വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവില്ലാത്തതിനാലാണ് നിയമനങ്ങൾ വൈകുന്നതെന്ന കേന്ദ്രസർക്കാർ വാദം സുപ്രീംകോടതി തള്ളി.

ലോക്പാൽ ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും നിയമനം വൈകുന്നതിനെതിരെ കോമൺ കോസ് എന്ന സന്നദ്ധസംഘടന നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ രഞ്ജൻ ഗോഗോയ്, നവീൻ സിൻഹ എന്നിവരുൾപ്പെട്ട ബെഞ്ച് നിയമനങ്ങൾ വൈകുന്നതിലുള്ള അതൃപ്തി അറിയിച്ചു. നിലവിൽ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവില്ലാത്തതിനാലാണ് നിയമനങ്ങൾക്ക് കാലതാമസം നേരിടുന്നതെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്തഗി കോടതിയെ അറിയിച്ചു.

ലോക്പാൽ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ട അഞ്ചംഗ സമിതിയിൽ ഒരാൾ പ്രതിപക്ഷ നേതാവാണ്. ഈ സാങ്കേതിക തടസ്സം ഒഴിവാക്കാനുള്ള നിയമഭേദഗതി പാർലമെന്റിന്റെ പരിഗണനയിലാണെന്നും റോഹ്തഗി പറഞ്ഞു. മന്ത്രിമാരെ പരിശോധിക്കാൻ അധികാരമുള്ള ലോക്പാൽ രൂപീകരിക്കാൻ സർക്കാരിനുള്ള താൽപര്യക്കുറവാണ് നിയമനങ്ങൾ വൈകുന്നതിനു കാരണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

കേന്ദ്രസർക്കാർ വാദങ്ങൾ തള്ളിയ കോടതി നിയമനങ്ങൾക്ക് നിയമഭേദഗതി വരെ കാത്തിരിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു. നിയമനങ്ങൾ വൈകുന്നതിൽ ന്യായീകരണല്ലെന്നും നിലവിലെ നിയമം തന്നെ നിയമനങ്ങൾ നടത്താൻ പര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here