വേങ്ങരയും ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലേക്കു നീങ്ങുന്നു; ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി മുന്നണികൾ

മലപ്പുറം: വേങ്ങരയും ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലേക്കു നീങ്ങുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ നിന്നു രാജിവെക്കുന്നതോടെ വേങ്ങരയും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. മുസ്ലിംലീഗിനു വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ മുന്നണികൾ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലുൾപ്പെടുന്ന പഞ്ചായത്തുകളിലെല്ലാം മേൽക്കൈ മുസ്ലിംലീഗിനാണ്.

വേങ്ങര മണ്ഡലം രൂപീകരിച്ചതു മുതൽ നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയാണ്. പഴയ മലപ്പുറം മണ്ഡലത്തിലുണ്ടായിരുന്ന കണ്ണമംഗലം, ഒതുക്കുങ്ങൽ, വേങ്ങര, ഊരകം പഞ്ചായത്തുകളും തിരൂരങ്ങാടിയിലെ എ.ആർ നഗറും താനൂരിലെ പറപ്പൂരും ചേർത്താണ് വേങ്ങര മണ്ഡലം രൂപീകരിച്ചത്. 2006-ൽ ഐസ്‌ക്രീം വിവാദത്തിൽ കുറ്റിപ്പുറം കോട്ടയിൽ പി.കെ കുഞ്ഞാലിക്കുട്ടി തോറ്റതിനു ശേഷം 2011-ൽ മത്സരിക്കാനെത്തിയത് പുതുതായുണ്ടാക്കിയ ഈ വേങ്ങരയിലായിരുന്നു.

38237 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങര കുഞ്ഞാലിക്കുട്ടിക്കു നൽകിയത്. എതിരാളി ഐഎൻഎല്ലിലെ കെ.പി ഇസ്മായിലിന് ആകെ ലഭിച്ചത് 24901 വോട്ടുകൾ. അതായത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തെക്കാൾ 13,336 വോട്ടുകളുടെ കുറവ്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറഞ്ഞില്ല. 38,057 വോട്ടിന്റെ ലീഡ്. 72,181 വോട്ട് കുഞ്ഞാലിക്കുട്ടിക്കു കിട്ടിയപ്പോൾ എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ അഡ്വ. പി.പി ബഷീറിന് 34,124 വോട്ടാണ് ലഭിച്ചത്.

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ലീഡ് നില കുഞ്ഞാലിക്കുട്ടി വീണ്ടും ഉയർത്തി. വേങ്ങര മണ്ഡലത്തിലെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 40,529. യുഡിഎഫിന് 73,804 വോട്ടും എൽഡിഎഫിന് 33,275 വോട്ടും മണ്ഡലത്തിൽ വേങ്ങരയിൽ നിന്ന് ലഭിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥക്കു ആകെ ലഭിച്ചത് 5, 952 വോട്ട് മാത്രം.

പി.കെ കുഞ്ഞാലിക്കുട്ടിക്കു വേങ്ങരയിൽ കിട്ടിയ മേൽക്കൈ മറ്റാർക്കുമുണ്ടാക്കാനാവില്ലെന്ന് മുസ്ലിംലീഗും കണക്കുകൂട്ടുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ പേരാണ് സ്ഥാനാർത്ഥി ലിസ്റ്റിൽ ഒന്നാമതുള്ളത്. താനൂരിൽ തോറ്റ അബ്ദുറഹ്മാൻ രണ്ടത്താണിയും പി.കെ ഫിറോസും മത്സരിക്കുന്നതിനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്.

എന്നാൽ, വേങ്ങര മുസ്ലിംലീഗ് കമ്മിറ്റി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ജ്യേഷ്ഠ സഹോദരന്റെ മകനും ബ്ലോക്ക് പ്രസിഡന്റുമായ പി.കെ അസ്ലുവിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനെ വീഴ്ത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.. മണ്ഡലത്തിൽ പരിചയക്കാരനായ കരുത്തനെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here