വെല്ലുവിളികള്‍ അതിജീവിച്ച് നിയമനിര്‍മ്മാണത്തില്‍ സാമാജികര്‍ കരുത്തുപകരണമെന്ന് മുഖ്യമന്ത്രി പിണറായി; നിയമനിര്‍മ്മാണമാണ് നിയമസഭയുടെ പ്രധാനധര്‍മ്മം

തിരുവനന്തപുരം: നിയമനിര്‍മ്മാണമാണ് നിയമസഭയുടെ പ്രധാനധര്‍മ്മമെന്നത് മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പരിശോധന നടത്തി വെല്ലുവിളികള്‍ അതിജീവിച്ച് നിയമനിര്‍മ്മാണത്തില്‍ സാമാജികര്‍ കരുത്തുപകരണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു.

60 വര്‍ഷം പിന്നിടുമ്പോഴും സംസ്ഥാന പൊലീസിനെ ജനങ്ങള്‍ ഭയപ്പാടോടെ കാണുന്നത് നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ആദ്യനിയമസഭയുടെ അറുപതാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പഴയ സഭാഹാളില്‍ നടന്ന പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ആദ്യ സഭയോടുള്ള ആദരമായാണ് പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേര്‍ന്നത്. നിയമസഭാ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള മഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമാജികര്‍ സഭയില്‍ പ്രവേശിച്ചത്.

അതേസമയം, നിയമസഭാ വളപ്പിലെ ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താതെ യുഡിഎഫ് ബഹിഷ്‌കരിച്ചു. നിയമസഭാ വളപ്പില്‍ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി.ആര്‍ അംബേദ്കര്‍. ഇഎംഎസ് എന്നിവരുടെ പ്രതിമകളാണുള്ളത്. എന്നാല്‍, ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താതെ മറ്റു മൂന്നു പ്രതിമകളില്‍ മാത്രമാണ് യുഡിഎഫ് എംഎല്‍എമാര്‍ പുഷ്പാര്‍ച്ചന നടത്തിയത്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇഎംഎസിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തേണ്ടതില്ലെന്നു യുഡിഎഫ് നിയമസഭാകക്ഷി ഇന്നലെ തീരുമാനിച്ചിരുന്നു. ഇഎംഎസിന്റെ നേതൃത്വത്തില്‍ ആദ്യ കേരള മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രില്‍ അഞ്ചിനാണ്. ഇതിന്റെ ഭാഗമായി ഒരുമാസം നീണ്ട വിവിധ പരിപാടികള്‍ ഇന്ന് സമാപിക്കുകയാണ്. അതിന്റെ ഭാഗമായാണ് പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേരുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News