ഇന്ത്യയില്‍ ഒരു ദിവസം നടക്കുന്നത് 22 സ്ത്രീധന മരണങ്ങള്‍; ഒന്നാം സ്ഥാനത്ത് ബിജെപി ഭരിക്കുന്ന യുപി; നാഗാലാന്റിലും ലക്ഷദ്വീപിലും സ്ത്രീധനത്തിന്റെ പേരില്‍ മരണമില്ല

ദില്ലി: ഇന്ത്യയില്‍ ഒരു ദിവസം സ്ത്രീധന പീഡനങ്ങളുടെ പേരില്‍ മരണപ്പെടുന്നത് 22 പേര്‍ ആണെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ആകെ നടന്നത് 24,771 സ്ത്രീധന മരണങ്ങളാണെന്നും കേന്ദ്ര വനിതാക്ഷേമ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഞെട്ടിക്കുന്ന കണക്കുകളാണ് വനിതാക്ഷേമ വകുപ്പ് പുറത്തുവിടുന്നത്.

ഇതില്‍ സ്ത്രീധനം ലഭിക്കാത്തതില്‍ രോഷം പൂണ്ട ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവും നടത്തിയ കൊലപാതകവും പീഡനം സഹിക്കാനാകാതെ ഭാര്യ ആത്മഹത്യ ചെയ്തതും ഉള്‍പ്പെടുന്നു. സ്ത്രീധന മരണങ്ങളില്‍ ഒന്നാംസ്ഥാനം ഉത്തര്‍പ്രദേശിനാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ യുപിയില്‍ 7,048 പേര്‍ സ്ത്രീധനത്തിന്റെ പേരില്‍ മണമടഞ്ഞതായി കണക്കുകള്‍ തെളിയിക്കുന്നു.

ബിഹാറിനാണ് രണ്ടാം സ്ഥാനം. 3,830 മരണം. മധ്യപ്രദേശ് മൂന്നാം സ്ഥാനത്തും (2,252) നില്‍ക്കുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ദരിച്ചാണ് മന്ത്രി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍, ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന സ്ത്രീധന മരണങ്ങളില്‍ നല്ലൊരു ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ സ്ത്രീധന ഇതിനേക്കാള്‍ ഉയര്‍ന്നതാണ്.

  • ലക്ഷദ്വീപിനും നാഗാലാന്‍ഡിനും അഭിമാനിക്കാം

മൂന്നു വര്‍ഷക്കാലയളവിനുള്ളില്‍ ഒരൊറ്റ സ്തീധന മരണങ്ങള്‍ പോലും നടക്കാത്ത രണ്ടിടങ്ങള്‍ രാജ്യത്തുണ്ട്. ലക്ഷദ്വീപും നാഗാലാന്‍ഡും. സ്ത്രീധന വിരുദ്ധനിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ കാര്‍ക്കശ്യമോ സ്ത്രീധന വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വിജയമോ അല്ല ഇതിനു കാരണം. മറിച്ച് സ്ത്രീ കേന്ദ്രീകൃതമായ ഗോത്ര സംസ്‌കാരത്തിന്റെ സവിശേഷതകളാണ് സ്ത്രീധനമില്ലാത്ത സമൂഹാക്കി ഈ പ്രദേശങ്ങളെ മാറ്റിയത്.

  • നടപ്പിലാകാത്ത നിയമങ്ങള്‍

1961-ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമത്തിലൂടെ രാജ്യത്ത് സ്ത്രീധനം നിരോധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304-ാം വകുപ്പ് പ്രകാരം സ്ത്രീധന മരണം നടന്നാല്‍ 7 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കും. സ്ത്രീക്ക് നേരെ ഭര്‍ത്താവോ ഭര്‍തൃവീട്ടുകാരോ ശാരീരികപീഡനം നടത്തിയാല്‍ 498 അ വകുപ്പ് പ്രകാരം മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കും. എന്നാല്‍ സ്ത്രീധനമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് വെറും 13% പേര്‍ മാത്രമാണ്.

മാത്രമല്ല സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമേ സ്ത്രീധന പീഡന കേസുകളില്‍ ശിക്ഷിക്കാവൂ എന്നു സുപ്രീംകോടതി മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീധന പീഡന കേസുകളില്‍ പലതും വ്യക്തിവിരോധം തീര്‍ക്കാനായുള്ള കള്ളക്കേസുകളാണെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദ്ദേശം. സ്ത്രീധന പീഡനമെന്ന പേരിലെടുക്കുന്ന കള്ളക്കേസുകളെ ‘നിയമ ഭീകരത’ എന്നാണ് സുഷില്‍കുമര്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ സുപ്രീംകോടതി വിശേഷിപ്പിച്ചത്.

dowry-2

കളളക്കേസുകള്‍ ഉണ്ടെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ നിയമത്തെ നോക്കുകുത്തിയാക്കി കൊണ്ട് കുറ്റവാളികള്‍ കൂട്ടത്തോടെ രക്ഷപ്പെടുകയാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2005-ല്‍ സര്‍ക്കാര്‍ ഗാര്‍ഹിക പീഡന നിരോധന നിയമം കൊണ്ടുവന്നത്.

അടി, കരണത്തടി, കുത്തുക, ചവിട്ടുക, കടിക്കുക, നുള്ളുക, തള്ളിയിടുക എന്നുതുടങ്ങി അപമാനിക്കുക, സ്വഭാവഹത്യ നടത്തുക, ഇരട്ടപ്പേര് വിളിക്കുക, സ്ത്രീധനം കൊണ്ടുവരാത്തതിന്റെ പേരില്‍ അധിക്ഷേപിക്കുക, പെണ്‍കുട്ടിയെ പ്രസവിച്ചതിനോ ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ അപമാനിക്കുക, ചിലവ് നല്‍കാതിരിക്കുക, ആഹാരമോ വസ്ത്രമോ മരുന്നോ തരാതിരിക്കുക, ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുക, ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, ഔദ്യോഗിക ജോലികള്‍ക്കു ഭംഗം വരുത്തുക വീടിന്റെ എല്ലാ ഭാഗത്തും പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമായ കുറ്റങ്ങളാക്കി.

നിയമങ്ങള്‍ പലതുമുണ്ടെങ്കിലും സ്ത്രീധന പീഡനങ്ങള്‍ കുറയുന്നില്ല. സ്ത്രീധനം എന്ന പേരിലല്ലാതെ വിഭിന്നങ്ങളായ രീതികളിലൂടെ പണവും സ്വത്തും കൈമാറ്റം ചെയ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News