ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. കസ്റ്റഡിയിലെടുത്ത വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ തുടര്‍ന്നുള്ള ഒരു തെരഞ്ഞെടുപ്പിനും ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമീഷനോട് കോടതി നിര്‍ദേശിച്ചു.
വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്നു ചൂണ്ടിക്കാട്ടി വികാസ് നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവ് പ്രഭാത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടന്നെന്ന ആക്ഷേപം വിവിധ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നതിനിടെയാണ് കോടതി വിധി.
കഴിഞ്ഞ ഫെബ്രുവരി 15ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 11നാണ് പുറത്തുവന്നത്. വികാസ്‌നഗറില്‍ നിന്ന് മത്സരിച്ച് ആറായിരത്തോളം വോട്ടുകള്‍ക്ക് തോറ്റ കോണ്‍ഗ്രസ് നേതാവാണ് കോടതിയെ സമീപിച്ചത്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബിജെപി വന്‍ വിജയം നേടിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
ഉത്തരാഖണ്ഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 11,000 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. 139 വോട്ടിംഗ് യന്ത്രങ്ങളാണ് വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ചത്. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ വിജയം സമ്മാനിച്ചത് വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറിയാണെന്ന ആക്ഷേപം ശക്തമായിരുന്നു. ബിഎസ്പി -എഎപി പാര്‍ട്ടികള്‍ വിഷയത്തില്‍ ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു.
അതേസമയം, ദേശീയ-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍, വികാസ്‌നഗര്‍ എംഎല്‍എ മുന്നാ സിങ് ചൗഹാന്‍ എന്നിവര്‍ ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടിസയച്ചിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.