മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ വളരെ പിന്നില്‍; നോര്‍വേയും സ്വീഡനും മുന്നില്‍

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, മാധ്യമ സ്വാതന്ത്ര്യത്തില്‍ വളരെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന് സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും മുന്നില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യ പിന്നിലായിരിക്കുന്നത്.

നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തില്‍ മുന്നിലുളളത്. അമേരിക്ക 43മതും ചൈന 176മതുമാണ്. ഉത്തര കൊറിയയാണ് ഏറ്റവും പിന്നില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നു റാങ്ക് ഇന്ത്യ പിന്നിലേക്ക് പോവുകയായിരുന്നു.

മൂന്നു പോയിന്റ് കുറവുളള പാകിസ്ഥാനും 139 പോയിന്റുമായി ഇന്ത്യയുടെ തൊട്ടടുത്തു തന്നെയുണ്ട്. ഭൂട്ടാന്‍ 84മതും നേപ്പാള്‍ 100മതുമുണ്ട്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ പാലസ്തീനേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ വലിയ തോതില്‍ വേട്ടയാടപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകുന്നതാണ് ഇന്ത്യയുടെ റാങ്ക് ഇടിയാന്‍ കാരണം. ഭീഷണികളുടെ പേരില്‍ സ്വയം സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മോദിയുടെ ദേശീയ വാദവും ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നെന്നാണ് വിലയിരുത്തലുകള്‍. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഓണ്‍ലൈന്‍ ഭീഷണികളും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News