ഗൗരിയമ്മയെ ആദരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; രക്തഹാരം ചാര്‍ത്തി പിണറായിയ്ക്ക് ഗൗരിയമ്മയുടെ സ്വീകരണം; ഗൗരിയമ്മയ്ക്ക് ദീര്‍ഘക്കാലം ജനസേവനം ചെയ്യാന്‍ കഴിയട്ടെയെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: കേരള മന്ത്രിസഭയിലെ ആദ്യ അംഗമായ കെആര്‍ ഗൗരിയമ്മയെ ആദരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള മന്ത്രിമാര്‍ ചാത്തനാടെത്തി. 1957ലെ ആദ്യ മന്ത്രിസഭയിലെ ജീവിച്ചിരിക്കുന്ന രണ്ടംഗങ്ങളിലൊരാളായ ഗൗരിയമ്മയ്ക്ക് സര്‍ക്കാരിന്റെ ആദരം അറിയിക്കാനാണ് മുഖ്യമന്ത്രിയും സഹമന്ത്രിമാരും സ്പീക്കറും ചാത്തനാട്ടെ വസതിയിലെത്തിയത്.

ജീവിച്ചിരിക്കുന്ന മറ്റൊരംഗമായ ചന്ദ്രശേഖരന്‍ നായരെ മന്ത്രിസഭ കഴിഞ്ഞദിവസം ആദരിച്ചിരുന്നു. ആറ് പതിറ്റാണ്ടുകള്‍ പിന്നിടുന്ന സഭയുടെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഗൗരിയമ്മയെ സര്‍ക്കാര്‍ ആദരിച്ചത്. ഇന്നലെ പഴയ നിയമസഭാ മന്ദിരത്തില്‍ യോഗം ചേര്‍ന്നശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. അക്ഷാര്‍ത്ഥത്തില്‍ തലസ്ഥാനം ചാത്തനാട്ടേക്ക് മാറ്റിയെന്ന പ്രതീതി ജനിപ്പിച്ചാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. രക്തഹാരം ചാര്‍ത്തി ഗൗരിയമ്മ പിണറായിയെ സ്വീകരിച്ചു.

മന്ത്രിസഭയിലെ പ്രമുഖരെല്ലാം ഗൗരിയമ്മയെ കാണാന്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇത് ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തമായി. മുഖ്യമന്ത്രി എത്തുന്നതിനുമുമ്പെ മന്ത്രിമാരായ ജി സുധാകരന്‍, വിഎസ് സുനില്‍ കുമാര്‍, കടന്നപളളി രാമചന്ദ്രന്‍, ഡോ. ടിഎം തോമസ് ഐസക്ക്, പി തിലോത്തമന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഗൗരിമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. വൈകുന്നേരം 4.30 ഓടെ ചാത്തനാട്ടെ വീട്ടിലെത്തിയ മുഖ്യമന്ത്രി സര്‍ക്കാരിനുവേണ്ടി ഗൗരിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിയമസഭയ്ക്കുവേണ്ടിയും ഗൗരിയമ്മയെ ആദരിച്ചു.

pinarayi-vijayan--2

ഗൗരിയമ്മയെ കാണാന്‍ മുഖ്യമന്ത്രിയെത്തുന്ന വിവരം അറിഞ്ഞ് വന്‍ജനക്കൂട്ടമാണ് ഗൗരിയമ്മയുടെ വീടിന് ചുറ്റം തടിച്ചുക്കൂടിയത്. ഗൗരിയമ്മയ്‌ക്കൊപ്പം ഇരുന്ന് വിശേഷങ്ങള്‍ തിരക്കിയ പിണറായി ഇടയ്ക്ക് ഗൗരിയമ്മയുടെ സംരക്ഷണത്തെ കുറിച്ച് ചോദിച്ചു. താന്‍ സുരക്ഷിതയാണെന്നും പരിചരിക്കാന്‍ ആളുകളുണ്ടെന്നും മുഖ്യന്ത്രിയെ അറിയിച്ചു.

കുശലാന്വേഷണത്തിനുശേഷം ഭക്ഷണം കഴിക്കാനായി തിരിഞ്ഞതോടെ മാധ്യമ സംഘം പുറത്തേക്ക് നീങ്ങി. കരിമീനും ചിക്കനും നാടന്‍വിഭവങ്ങളും ചേര്‍ന്നുളള ഭക്ഷണം കഴിച്ചശേഷം പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രി, ഗൗരിയമ്മയ്ക്ക് ദീര്‍ഘക്കാലം പൊതുജന സേവനം ചെയ്യാന്‍ കഴിയട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സ്വീകരണത്തെ കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഗൗരിയമ്മയുടെ സ്വീകരണം ഒട്ടും മോശമായില്ലെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News