മണിക്കെതിരായ സമരത്തില്‍ ഭിന്നത; ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ വേണ്ടെന്ന് ഗോമതി; തന്ത്രപൂര്‍വം സ്ഥലംവിട്ട് സിആര്‍ നീലകണ്ഠന്‍

മൂന്നാര്‍: മൂന്നാറില്‍ എംഎം മണിക്കെതിരെ ഗോമതിയും സംഘവും നടത്തിവന്ന സമരം പൊളിഞ്ഞു. തങ്ങളുടെ സമരം ആം ആദ്മി പാര്‍ട്ടി ഹൈജാക്ക് ചെയ്‌തെന്ന് ആരോപിച്ചും അവരുടെ പിന്തുണ ഇനി വേണ്ടെന്നും പരസ്യമായി പറഞ്ഞ് ഗോമതി സമരവേദിയില്‍ പൊട്ടിത്തെറിച്ചു. ഇതിനിടെ പ്രദേശത്ത് സംഘര്‍ഷവും ഉടലെടുത്തു. മൂന്നാറിലെ ക്രമസമാധാനനില തകര്‍ക്കാനും സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പുറത്തു നിന്നെത്തിയവര്‍ സ്ഥലം വിടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതോടെ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസും ഇടപെട്ടു.

ഗോമതിയുടെയും കൂട്ടരുടെയും എതിര്‍പ്പ് മനസിലാക്കിയ സിആര്‍ നീലകണ്ഠന്‍ തന്ത്രപൂര്‍വം വ്യാഴാഴ്ച രാത്രിയോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് നിരാഹാരം അവസാനിപ്പിച്ച് ആശുപത്രിയിലേക്ക് പോയിരുന്നു. പകരം നിരാഹാരത്തിന് ഒരുങ്ങിയെത്തിയ ആം ആദ്മി പ്രവര്‍ത്തകയെ ഗോമതി പന്തലില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. തങ്ങളല്ലാത മറ്റാരും നിരാഹാരമിരിക്കാന്‍ അനുവദിക്കില്ലെന്ന് ഗോമതി പറഞ്ഞു. ഇതേതുടര്‍ന്നാണ് സമരപ്പന്തലില്‍ പൊട്ടിത്തെറിയും കലാപവും അരങ്ങേറിയത്.

നിരാഹാരം കിടക്കാന്‍ ആം ആദ്മിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗോമതി പറഞ്ഞു. അവര്‍ സമരപ്പന്തലില്‍ എത്തിയതോടെ തങ്ങളുടെ സമരം ഹൈജാക്ക് ചെയ്യപ്പെട്ടെന്നും ഗോമതി പറഞ്ഞു. തൊഴിലാളികുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കണമെന്ന മുദ്രാവാക്യം തങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ, എം എം മണി സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞത് അനുസരിച്ചാണ് ആ വിഷയം കൂടി സമരത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇതിനിടെ ആം ആദ്മി പ്രവര്‍ത്തകര്‍ അവരുടെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ ആരുമില്ലാതെ വന്നപ്പോഴാണ് തങ്ങള്‍ സമരത്തിന് പിന്തുണയുമായെത്തിയതെന്നായിരുന്നു ആം ആദ്മി പ്രതിനിധികളുടെ പ്രതികരണം. സമരപ്പന്തലിന് സമീപത്ത് ശക്തമായ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News