ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ രണ്ടുകോടിയുടെ അഴിമതി; ഫയല്‍ ദേവസ്വം ആസ്ഥാനത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി

പത്തനംതിട്ട: ശബരിമലയിലേക്ക് പുതിയ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാന ഓഫീസില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പാത്രം വാങ്ങിയതില്‍ 1.87 കോടി രൂപയുടെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ശബരിമല അടക്കമുള്ള ദേവസ്വങ്ങളിലെ അഴിമതിയെപ്പറ്റി സംസ്ഥാന വിജിലന്‍സ് അന്വേഷിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ദുരൂഹ സാഹചര്യത്തില്‍ ഫയല്‍ കാണാതാകുന്നത്.

2013-14 മണ്ഡലമകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടാണ് ഒരു കോടി 87 ലക്ഷം രൂപ ബോര്‍ഡ് ഫണ്ടില്‍നിന്ന് ചെലവഴിച്ച് പുതിയ പാത്രങ്ങള്‍ വാങ്ങിയത്. മുന്‍ ദേവസ്വംമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ സഹോദരനും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വിഎസ് ജയകുമാര്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കെയായിരുന്നു ഈ നടപടി.

ശബരിമലയില്‍ ആവശ്യത്തിലധികം പാത്രങ്ങള്‍ ഉള്ളപ്പോള്‍ പുതിയവ വാങ്ങിയത് അന്യായമാണെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. സ്‌റ്റോക്ക് വെരിഫിക്കേഷന്‍ സമയത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഈ നടപടിയെ എതിര്‍ത്തു. അന്യായമായി പാത്രം വാങ്ങിയ എക്‌സിക്യൂട്ടീവ് ഓഫീസറില്‍നിന്ന് തുക ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ഹൈക്കോടതിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ക്കും റിപ്പോര്‍ട്ട് കൈമാറി.

പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവാഭരണം കമീഷണറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇത്തവണ തീര്‍ഥാടനകാലത്ത് പമ്പയില്‍ രണ്ടുതവണയായി ആറര മണിക്കൂറിലേറെ തെളിവെടുപ്പ് നടത്തുകയും ചെയ്തു. പാത്രങ്ങള്‍ വാങ്ങിയതിന്റെ ബില്ലും മറ്റു രേഖകളും ഉണ്ടെങ്കിലും സാധനങ്ങളൊന്നും ഇല്ലെന്ന് തെളിവെടുപ്പില്‍ കണ്ടെത്തി.

ജയകുമാര്‍ പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരിക്കെ പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ടും ലക്ഷങ്ങളുടെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഇതുസംബന്ധിച്ച ഫയലും കാണാതായി. ഓഫീസില്‍ സൂക്ഷിച്ച ഫയല്‍ കത്തിനശിച്ചുവെന്നാണ് അന്ന് കാരണം പറഞ്ഞത്. ഇദ്ദേഹം ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കെയുംനിരവധി അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു. ഒന്നില്‍പോലും അന്വേഷണമുണ്ടായില്ല. മന്ത്രിസഹോദരന്‍ എന്ന ബലത്തിലായിരുന്നു ഇത്. വിവിധ സംഘടനകള്‍ പലതവണ പരാതി നല്‍കിയിട്ടും ഒന്നും അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News