കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ചിത്രം കണ്ടവര്‍ക്ക് ഉത്തരം കിട്ടി; സസ്‌പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകര്‍

തിരുവനന്തപുരം: പോരാട്ടവീര്യവുമായി പ്രേക്ഷകരെ ആവേശത്തിലാക്കി ബാഹുബലി 2 പ്രദര്‍ശനത്തിനെത്തി. ബാഹുബലി ഒന്നാംഭാഗം സൃഷ്ടിച്ചതിനെക്കാള്‍ ഇരട്ടി ആവേശമാണ് ബാബുബലി 2 ദ കണ്‍ക്ലൂഷന്‍ തീര്‍ത്തിരിക്കുന്നത്. കേരളത്തില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെല്ലാം ഉത്സവലഹരിയാണ്.

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ട് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രേക്ഷകരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവതിമിര്‍പ്പിലാവുകയായിരുന്നു. പോരാട്ടവീര്യവുമായി എത്തിയ ബാഹുബലി 2ന് കേരളത്തില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ത്യയിലാകമാനം 7000ലധികം സ്‌ക്രീനുകളിലാണ് ബാഹുബലി എത്തിയത്. പുലര്‍ച്ചെ ആരംഭിച്ച ഷോയ്ക്ക് നിറഞ്ഞ കാണികളായിരുന്നു. നായകന്‍ പ്രഭാസും പ്രതിനായകന്‍ പല്‍വാല്‍ദേവനും കട്ടപ്പയും അഭിനയമുഹൂര്‍ത്തത്തിന്റെ
വിസ്മയം തീര്‍ക്കുകയായിരുന്നു ബാഹുബലി 2ല്‍.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ നാലുഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിന് ചിത്രം കണ്ടവര്‍ക്ക് ഉത്തരം കിട്ടി. പക്ഷേ അത് പുറത്തുപറയാതെ സസ്‌പെന്‍സ് നിറുത്തിയാണ് ബാഹുബലി 2 കണ്ടിറങ്ങിയവര്‍ മടങ്ങിയത്.

രണ്ടാംഭാഗത്തിലെ കഥാപാത്രങ്ങളും ദൃശ്യങ്ങളും യുദ്ധരംഗങ്ങളുമൊക്കെ പ്രേക്ഷകരെ ത്രില്ലിലാക്കുകയായിരുന്നു. വന്‍ പ്രതീക്ഷയോടെ ബാഹുബലി 2 കാണാനെത്തിയവര്‍ക്ക് രാജമൗലിയും കൂട്ടരും നല്‍കിയതാകട്ടെ ഇരട്ടി ഇരട്ടി പ്രതീക്ഷ. സാങ്കേതിക മികവില്‍ ഏതൊരു ഹോളിവുഡ് ചിത്രത്തോടും കിടപിടിക്കുന്നതായിരുന്നു ബാഹുബലി ഒന്നാംഭാഗം. എന്നാല്‍ രണ്ടാം ഭാഗം അതിനുമുയരത്തില്‍ എത്തിയെന്നതും പ്രേക്ഷകര്‍ വിധിയെഴുതി. യുദ്ധത്തെ സ്‌പെഷ്യല്‍ ഇഫക്ട്‌സിലൂടെയും ഗ്രാഫിക്‌സിലൂടെയും ബ്രഹ്മാണ്ഡ സെറ്റുകളിലൂടെയും മിഴിവുറ്റതാക്കിയപ്പോള്‍ ബാഹുബലി 2 തിരുത്തിക്കുറിക്കുന്നത് കളക്ഷനുകളുടെ ബോക്‌സോഫീസ് റെക്കോര്‍ഡുകളായിരിക്കും.




whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here