ജിഷയുടെ മരണത്തിന് ഇന്ന് ഒരു വയസ്; ചെറുകോളം വാര്‍ത്ത പുറംലോകം അറിഞ്ഞത് പീപ്പിള്‍ ടിവിയിലൂടെ

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ജിഷ സംഭവത്തിന് ഇന്ന് ഒരു വയസ്. നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ സ്വന്തം വീട്ടിനുള്ളില്‍ അതി ദാരുണമായി കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ്. ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിവെച്ച സംഭവങ്ങള്‍ക്കൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇപ്പോള്‍ വിചാരണ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രാത്രിയിലാണ് പെരുമ്പാവൂര്‍ കനാല്‍ ബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദരിദ്ര കുടുംബത്തിലെ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം ഏറെ ലാഘവത്തോടെയാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. ദിനപ്പത്രങ്ങളിലെ പ്രാദേശിക പേജില്‍ ചെറിയ കോളം വാര്‍ത്തയായി ഒതുങ്ങിയ സംഭവം പിന്നീട് പീപ്പിള്‍ ടിവിയിലൂടെയാണ് പുറംലോകം അറിഞ്ഞത്.

പൊലീസ് അലംഭാവത്തിനെതിരെ സമാനതകളില്ലാത്ത ജനകീയ പ്രക്ഷോഭങ്ങള്‍ക്കായിരുന്നു പെരുമ്പാവൂര്‍ സാക്ഷ്യം വഹിച്ചത്. ഇതെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും തുടക്കത്തില്‍ കാണിച്ച അലംഭാവം പ്രതിയെ പിടികൂടുന്നതിന് തടസമായി. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പിലും ജിഷ സംഭവം വലിയ ചര്‍ച്ചയായി. പ്രതികളെന്ന വ്യാജേന പൊലീസുകാരെത്തന്നെ മുഖം മറച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുന്ന നാണക്കേടിനും കേരളം സാക്ഷ്യം വഹിച്ചു. പിന്നീട് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന്റെ ആദ്യ പരിഗണന ജിഷ വധക്കേസായിരുന്നു.

ആദ്യ മന്ത്രിസഭാ യോഗത്തിന്റെ ആദ്യ തീരുമാനം എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ളതായിരുന്നു. പഴുതടച്ച അന്വേഷണത്തിന്റെ ഫലമായി പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാം പിടിയിലായി. ഏറെ വിവാദം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനായത് ഇടതു സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍ തൂവലായി. അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനും അന്വേഷണ സംഘത്തിനായി. കേസില്‍ രഹസ്യ വിചാരണ പുരോഗമിക്കുകയാണ്. 195 സാക്ഷികളുള്ള കേസില്‍ ജിഷയുടെ അമ്മയുള്‍പ്പടെ 13 പേരുടെ വിസ്താരം പൂര്‍ത്തിയായി. മകളെ നഷ്ടപ്പെട്ട അമ്മ രാജേശ്വരിക്ക് വീടും സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലിയെന്ന വാഗ്ദാനവും ഇടതു സര്‍ക്കാര്‍ പാലിച്ചു.

വെളിച്ചം കാണാത്ത അസ്വാഭാവിക മരണങ്ങളുടെ പട്ടികയില്‍ ഒതുങ്ങുമായിരുന്ന ഒരു കൊലപാതകമാണ് മാധ്യമ ഇടപെടലിന്റെയും സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെയും ഫലമായി തെളിയിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News