കഷ്ടപ്പാടിലും സന്തോഷത്തിലും പുസ്തകങ്ങള്‍ കൂട്ട്; പുസ്തകപ്രേമം തലയ്ക്ക് പിടിച്ചപ്പോള്‍ പ്രസാധകനായി; കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതനായ ഈ മനുഷ്യന്റെ കഥ

കോഴിക്കോട്: പുസ്തകങ്ങള്‍ നെഞ്ചിലേറ്റിയുള്ള യാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ജീവിത വഴിയിലെ കഷ്ടപ്പാടിലും സന്തോഷത്തിലുമെല്ലാം പുസ്തകങ്ങള്‍ ആയിരുന്നു കൂട്ട്. നാടകം തലയ്ക്ക് പിടിച്ച് ഓടിയപ്പോള്‍ പുസ്തകപ്രേമിയായ അച്ഛന്‍ തന്ന സമ്മാനങ്ങള്‍. അവ വായിച്ചാണ് പുസ്തകത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. പിന്നെ വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത പുസ്തകങ്ങള്‍ തോള്‍ സഞ്ചിയിലാക്കി റെയില്‍വെ സ്റ്റേഷനിലും മറ്റുമായി വില്‍പ്പന. പുസ്തക പ്രേമം തലയ്ക്ക് പിടിച്ച് കഷ്ടപ്പാടുകള്‍ക്ക് ഇടയിലും പുസ്തക പ്രസാധകനായി രൂപ മാറ്റം. ഇത് കോഴിക്കോട് ബാലുശ്ശേരി എരംമഗലം സ്വദേശിയായ സജീവന്‍ മാണിക്കോത്തിന്റെ കഥയാണ്.

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലും ടൗണ്‍ ഹാളിലും ഒക്കെയായി പുസ്തകങ്ങള്‍ വിറ്റ് നടക്കുന്ന ഈ മനുഷ്യനെ കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമാണ്. വായിച്ച കഥാപാത്രങ്ങള്‍ തനിക്ക് ജീവിക്കാന്‍ പകര്‍ന്ന ഊര്‍ജ്ജം ചെറുതൊന്നുമല്ലെന്ന് അയാള്‍ പറയുന്നു. പുസ്തകത്തോടുളള യാത്രയ്ക്ക ഒപ്പമാണ് സ്വന്തമായി ഒരു പബ്ലിക്കേഷന്‍ തുടങ്ങാന്‍ ആലോചിക്കുന്നത്. ഒടുവില്‍ ഗ്രാന്‍മ എന്ന പേരില്‍ ഒരു പബ്ലിക്കേഷനും തുടങ്ങി. ഗ്രാന്‍മയുടെതായി പുറത്തിറങ്ങിയത് നിരവധി പുസ്്തകങ്ങളാണ്. അതില്‍ ഗിരീഷ് പുത്തന്‍ഞ്ചേരിയെ കുറിച്ചുള്ള പ്രമുഖരുടെ ഓര്‍മ്മകള്‍ അടങ്ങിയ പുസ്തകം ഏറ്റവും പ്രിയ്യപ്പെട്ടതെന്ന് സജീവന്‍ പറയുന്നു.

അതിന്റെ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍. ഗ്രാന്‍മയുടെതായി ഇനി പുറത്തിറങ്ങുന്നത് എന്റെ കോഴിക്കോടെന്ന പുസ്തകമാണ്. എംടി, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രഗല്‍ഭരുടെ കോഴിക്കോടിനെ കുറിച്ചുള്ള ഓര്‍മകളാണ് പുസ്തകത്തില്‍. കോഴിക്കോട്ട് പുതിയറയില്‍ ഉളള ഇരുട്ടുമൂടിയ ആ വാടകകെട്ടിടത്തില്‍ നിന്നും സ്വന്തമായി ഒരു കെട്ടിടം പണിയണം താന്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച പുസ്തകങ്ങള്‍ക്ക് കാവലായി.. ഇതാണ് ആ മനു്ഷ്യന്റെ ഇനിയുള്ള സ്വപ്നം. അപ്പോഴും അയാള്‍ ഇങ്ങനെ പറയുന്നുണ്ട് ജീവിതത്തിന്റെ ഇരുട്ട് നീണ്ട വഴികളിള്‍ തനിയ്ക്ക് സഞ്ചരിക്കാന്‍ പ്രേരകമായ കഥാപാത്രങ്ങളെ കുറിച്ച്.. വളര്‍ന്നു വലുതാകും..കൈകള്‍ക്ക് കരുത്തോടെ വലിയ കരുത്തനാകും.. എന്നിട്ട് ആരെടാ എന്ന് ചോദിച്ചാല്‍.. അത് ഞാനെടാ എന്ന് പറയും..കോന്തുണ്ണി നായരുടെ മകന്‍ അപ്പുണ്ണി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel