വീട് നിര്‍മിക്കാന്‍ അനുവദിക്കാതെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി; പരാതിയുമായി വീട്ടമ്മ; കുട്ടികളടക്കം കുടുംബത്തിലെ പത്തു പേര്‍ ആത്മഹത്യാ വക്കില്‍

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ. സ്വന്തം ഉടമസ്ഥതയിലുള്ള 4 സെന്റില്‍ വീട് നിര്‍മിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തുന്നതായാണ് അഞ്ജു മാത്യു എന്ന വീട്ടമ്മയുടെ പരാതി. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പാളയം പ്രദീപിനെതിരെയാണ് യുവതിയും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്.

ജപ്തി ഭീഷണിയെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്ന് വീടെന്ന സ്വപ്നവുമായി അഞ്ജു മാത്യുവിന്റെ കുടുംബം പാലക്കാട് വണ്ടാഴിയിലെത്തിയത്. കറാമ്പാടത്ത് 9 സെന്റ് സ്ഥലം ഒന്നര മാസം മുമ്പ് വാങ്ങി. എന്നാല്‍ ഇവര്‍ വാങ്ങിയത് കൃഷിസ്ഥലമാണെന്ന വാദവുമായി രംഗത്ത് വന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് കൊടി നാട്ടി നിര്‍മ്മാണ പ്രവൃത്തി തടസപ്പെടുത്തി.

കൃഷി ഓഫീസറെ സ്വാധീനിച്ച് കെഎല്‍യു സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ചതായും ഇവര്‍ ആരോപിക്കുന്നു. തങ്ങളെ മാനസികമായി പ്രയാസപ്പെടുത്തുകയാണെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ചേര്‍ന്ന് പ്രദീപ് ഭീഷണിപ്പെടുത്തുകയാണെന്നും അഞ്ജുവും കുടുംബവും പറയുന്നു.

സഹോദരിയുടെ കുഞ്ഞുങ്ങളടക്കം അഞ്ചു കുട്ടികളും വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടുന്ന അച്ഛനമടക്കും കുടുംബത്തിലെ 10 പേര്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഇവര്‍ പറയുന്നു. കയറിക്കിടക്കാന്‍ ചെറിയ ഷെഡും കുടിവെള്ളത്തിനായി കിണറും മാത്രമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഏപ്രില്‍ 30ന് കൊച്ചിയിലെ വീട് ഒഴിഞ്ഞ് കൊടുക്കേണ്ടതിനാല്‍ മുഖ്യമന്ത്രിക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here