മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍; ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും; കയ്യേറ്റമൊഴിപ്പിക്കലില്‍ സിപിഐഎമ്മിനും സിപിഐയ്ക്കും ഒരേ നയം

തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കയ്യേറ്റ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നും 1977ന് മുന്‍പ് കുടിയേറിയവര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കുമെന്നും കോടിയേരി പറഞ്ഞു.

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് തന്നെയാണ് സിപിഐഎമ്മിന്റെയും സിപിഐയുടേയും നിലപാട്. അത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടുള്ളതുമാണ്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കുകയും തിരിച്ചെടുക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയുമാണ് പ്രധാനമായും വേണ്ടത്. കുടിയേറ്റവും കയ്യേറ്റവും രണ്ടായിതന്നെ കാണണം. 1977ന് മുമ്പ് കുടിയേറിയവര്‍ക്കെല്ലാം പട്ടയം കൊടുക്കണം.

സിപിഐഎം കയ്യേറ്റമൊഴിപ്പിക്കലിന് എതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ നടത്തുന്നത്. അത് പട്ടയ വിതരണം മുടക്കാനാണ്. മുമ്പും പട്ടയ വിതരണം മുടക്കാന്‍ ചില നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. വന്‍കിട കയ്യേറ്റങ്ങളോടു അവിടെയുള്ളവര്‍ക്കുതന്നെ എതിര്‍പ്പാണ്. അത്തരം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജനങ്ങളും കൂടെ നില്‍ക്കും. അവരെ വിശ്വാസത്തിലെടുത്താകണം ഒഴിപ്പിക്കല്‍ നടപടി. ഇതാണ് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലും ഉണ്ടായ നിര്‍ദേശങ്ങള്‍.

കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചെടുത്ത രീതി ശരിയല്ല. കുരിശല്ലല്ലോ ആ സ്ഥലമല്ലെ തിരിച്ചെടുക്കേണ്ടത്. അതിന് പകരം ടെലിവിഷന്‍ ചാനലുകളിലുടെ അത്തരം ദൃശ്യങ്ങള്‍ കാണിച്ചിട്ടുള്ള നടപടി തെറ്റുതന്നെയാണ്. അതുകൊണ്ട് കയ്യേറ്റമൊഴിപ്പിക്കേണ്ട എന്നുപറഞ്ഞിട്ടില്ല.

സിപിഐഎം കയ്യേറ്റക്കാരാണെന്ന് സിപിഐയോ, സിപിഐ കയ്യേറ്റക്കാരാണെന്ന് സിപിഐഎമ്മോ പറഞ്ഞിട്ടില്ല. ഇതല്ലാം ചിലര്‍ പറഞ്ഞുണ്ടാക്കുന്നതാണ്. ‘സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് കൈയേറ്റം ഒഴിപ്പിക്കുന്നതും പട്ടയം കൊടുക്കുന്നതും. അത് ഏതെങ്കിലും വകുപ്പിന്റെയല്ലെ എന്നെല്ലാം നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ റവന്യൂ വകുപ്പിനെതിരെ എന്തെങ്കിലും പറയുമെന്ന് കരുതിയല്ലെ എന്നും ഞാന്‍ അങ്ങിനെ പറയുമെന്ന് കരുതുന്നുണ്ടോയെന്നും’-കോടിയേരി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

മെയ് 21ന് മുഖ്യമന്ത്രി പങ്കെടുത്ത് ഇടുക്കിയില്‍ വന്‍ പട്ടയമേളയാണ് നടത്തുന്നത്. 10000 പട്ടയമാണ് നല്‍കുക. ആദ്യമായാണ് ഇത്രയും പട്ടയങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്തും പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. അത് പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു പട്ടയം പോലും നല്‍കിയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം വിതരണം പൂര്‍ത്തിയാക്കുമെന്നും അപ്പോള്‍ റവന്യൂ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പൊന്‍മോതിരം സമ്മാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞതുമാത്രമായി മിച്ചം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഒരു കൈയ്യേറ്റവും അവിടെ നടന്നിട്ടില്ല. കയ്യേറ്റങ്ങള്‍ ഉണ്ടായതെല്ലാം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അതിനെതിരെ ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ പട്ടയവിതരണം മുടക്കാനാണ് വരുന്നത്.

മൂന്നാര്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന വിനോദ സഞ്ചാരമേഖലയാണ്. പരിസ്ഥിതി സംരക്ഷിച്ചുമാത്രമെ അവിടെ ടൂറിസം വളര്‍ത്താന്‍ കഴിയൂ. എന്നാല്‍ ഇപ്പോ അവിടെ നടക്കുന്ന വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് അനൂകൂലമല്ല. പുതിയ കെട്ടിട നിര്‍മ്മാണ നിയമം തന്നെ മൂന്നാറിനായി കൊണ്ടുവരേണ്ടിവരും. അത്തരമൊരു ബില്‍ വിഎസ് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ ശ്രമിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

എംഎം മണി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. അദ്ദേഹത്തിന്റെ പ്രസംഗം പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പ്പിക്കുന്നത് ആയതിനാലാണ് പരസ്യശാസന നല്‍കിയത്. അത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനും മറ്റ് അംഗങ്ങള്‍ക്കും തിരുത്തലുകള്‍ വരുത്താനുള്ള മുന്നറിയിപ്പാണ്. താന്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഎം മണി തന്നെ പറഞ്ഞിട്ടുണ്ട്. കൂടാതെ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. പാര്‍ടി ഒരംഗത്തിനെതിരെ നടപടി എടുക്കുന്നത് തിരുത്തലുകള്‍ വരുത്താനാണ്. മുതിര്‍ന്ന നേതാക്കളായിരുന്ന ഇഎംഎസിനും നായനാര്‍ക്കും വി എസിനും പിണറായി വിജയനുമെല്ലാം പാര്‍ട്ടി നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ഇതൊന്നും കോണ്‍ഗ്രസില്‍ കാണാന്‍പോലും കഴിയുന്നതല്ല. മണി രാജിവെക്കണം എന്നുള്ളത് യുഡിഎഫിന്റെ രാഷ്ട്രീയ മുദ്രാവാക്യമാണ്. അത് മുഖവിലക്കെടുക്കാന്‍ പാര്‍ട്ടി തയ്യാറല്ല.

ദേശീയ രാഷ്ട്രീയത്തിലും ഇടതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന് ഇടതുപാര്‍ട്ടികളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ അതേ സാമ്പത്തിക നയങ്ങളാണ്. ആ നയങ്ങളാണ് ബിജെപിക്ക് ഒറ്റക് ഭൂരിപക്ഷം ലഭിക്കുന്നതിലേക്ക് ഇടയാക്കിയത്. ഒന്നാം യുപിഎ ഘട്ടത്തില്‍ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇടതുപാര്‍ട്ടികളെ മുഖവിലക്കെടുത്ത് ആര്‍എസ്എസിനേയും ബിജെപിയേയും ചെറുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ഇനിയും കോണ്‍ഗ്രസിനൊപ്പം ചേരുന്നത് ബിജെപിക്കാകും ഗുണമാകുക. അതുകൊണ്ട് കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് നിലവില്‍ പാര്‍ടി ആലോചിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News