ദുബായില്‍ സ്റ്റേജ് ഷോയുടെ മറവില്‍ പെണ്‍വാണിഭം; കെണിയില്‍പ്പെട്ട 19കാരിയായ മലയാളി നര്‍ത്തകിയെ രക്ഷപ്പെടുത്തി

കാസര്‍ഗോഡ്: സ്റ്റേജ് ഷോയുടെ മറവില്‍ പെണ്‍വാണിഭസംഘം ദുബായില്‍ എത്തിച്ച മലയാളി നര്‍ത്തകിയെ രക്ഷപ്പെടുത്തി. കാസര്‍ഗോഡ് സ്വദേശിനിയായ 19കാരിയെയാണ് അബുദാബി കമ്മ്യൂണിറ്റി പൊലീസ് അംഗം ബിജു കരുനാഗപ്പള്ളിയുടെ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്.

ഏപ്രില്‍ 23നാണ് സംഭവം. ഷോ അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരന്‍ രവി പെണ്‍കുട്ടിയെ ദുബായിയിലെ പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചത്. അവിടെ എത്തിയശേഷമാണ് ചതിയില്‍പ്പെട്ട വിവരം പെണ്‍കുട്ടി അറിയുന്നത്. ഇതോടെ പെണ്‍കുട്ടി ഭര്‍ത്താവുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ യുവതി വാട്‌സ്ആപ്പ് വഴി ബിജുവിനെ കാര്യങ്ങള്‍ ബോധിപ്പിക്കുകയായിരുന്നു. ഉടന്‍ ബിജുവും പൊലീസും ചേര്‍ന്ന് യുവതിയെ പൂട്ടിയിട്ടിരുന്ന സ്ഥലം കണ്ടെത്തുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഘത്തിന്റെ പിടിയിലുണ്ടായിരുന്ന 15ഓളം പെണ്‍കുട്ടികളെയും ഇവിടെ നിന്ന് രക്ഷപ്പെടുത്തി.

യുവതി ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം, സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here