ദില്ലി: നീതി കിട്ടാതെ സൗമ്യ വീണ്ടും കേരളത്തിന്റെ നൊമ്പരമാകുന്നു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും സമർപിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ഗോവിന്ദച്ചാമിക്കു വധശിക്ഷ പുനഃസ്ഥാപിക്കപ്പെടില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ഹർജി തള്ളിയത്.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ചേംബറിൽ തിരുത്തൽ ഹർജി പരിഗണിച്ചത്. എന്നാൽ, തിരുത്തൽ ഹർജി ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. ബെഞ്ചിലെ ആറു ജഡ്ജിമാരും ഹർജി തള്ളുന്നതിനോടു യോജിച്ചു. നീതി നിഷേധിക്കപ്പെട്ടെന്ന വാദം കോടതി തള്ളി. വധശിക്ഷ പുനഃസ്ഥാപിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു തിരുത്തൽ ഹർജിയിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമെശ്വർ എന്നിവർക്കൊപ്പം നേരത്തെ കേസിൽ വിധി പ്രസ്ഥാപിച്ച രഞ്ജൻ ഗോഗോയി, പി.സി പന്ത്, യു.യു ലളിത് എന്നിവർ അടങ്ങുന്ന ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ മാതാവ് സുമതിയും ആണ് തിരുത്തൽ ഹർജി നൽകിയത്. നേരത്തെ നൽകിയ പുനഃപരിശോധന ഹർജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്നാണ് തിരുത്തൽ ഹർജി നൽകാൻ തീരുമാനിച്ചത്. അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയായിരുന്നു സർക്കാരിന്റെ തിരുത്തൽ ഹർജി സാക്ഷ്യപ്പെടുത്തിയത്. കേസിൽ പരസ്യവാദം വേണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.
സൗമ്യയെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയിരുന്നത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളംഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here