യോഗി ആദിത്യനാഥിന്റെ ഹെയർ സ്‌റ്റൈൽ അനുകരിക്കാത്തവരെ സ്‌കൂളിൽ കയറ്റില്ല; വിചിത്ര ഉത്തരവുമായി യുപി സ്‌കൂൾ; മാംസാഹാരത്തിനും സ്‌കൂളിൽ വിലക്ക്

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയർ സ്റ്റൈൽ അനുകരിക്കാത്ത ആൺകുട്ടികളെ സ്‌കൂളിൽ നിന്നു പുറത്താക്കുമെന്ന വിചിത്ര ഉത്തരവുമായി ഉത്തർപ്രദേശിലെ സ്‌കൂൾ. ഉത്തർപ്രദേശിലെ സ്വകാര്യ സ്‌കൂൾ ആണ് വിചിത്ര ഉത്തരവുമായി രംഗത്തെത്തിയത്. വിദ്യാർത്ഥികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയർ സ്റ്റൈൽ അനുകരിക്കണമെന്നാണ് സ്‌കൂൾ അധികൃതർ നൽകിയിരിക്കുന്ന ആഹ്വാനം. മുഖ്യമന്ത്രിയുടെ മാതൃകയിലുള്ള ഹെയർ സ്റ്റൈലുമായിട്ടല്ലാതെ വരുന്ന കുട്ടികളെ ക്ലാസിൽ കയറ്റില്ലെന്നായിരുന്നു മീററ്റിലെ ഋഷഭ് അക്കാദമി കോ എഡ്യൂക്കേഷണൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അധികൃതർ വിദ്യാർഥികളോട് പറഞ്ഞത്.

യോഗി ആദിത്യ നാഥിന്റെ ഹെയർ കട്ട് അനുകരിക്കുന്നതിനു പുറമേ മത്സ്യമാംസാഹാരങ്ങൾ വർജിക്കണമെന്നും ലൗ ജിഹാദിൽ നിന്ന് വിട്ടുനിൽക്കുന്നതിനായി ആൺകുട്ടികളും പെൺകുട്ടികളും ചേർന്നിരിക്കുന്നത് ഒഴിവാക്കണമെന്നും സ്‌കൂൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പുറമേ മാംസാഹാരങ്ങൾക്കും സ്‌കൂളിൽ വിലക്കുണ്ട്.

സ്‌കൂൾ അധികൃതർ നിർദേശിച്ചതു പ്രകാരം മുടി വെട്ടാതിരുന്ന കുട്ടികൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. രക്ഷിതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഹെയർ സ്റ്റെലില്ലാത്ത കുട്ടികളെയും അധികൃതർ ക്ലാസിൽ കയറ്റി.

വിദ്യാർത്ഥികൾ താടി വച്ച് സ്‌കൂളിൽ വരേണ്ടെന്നും പ്രാർത്ഥിക്കാൻ സൗകര്യമൊരുക്കാൻ സ്‌കൂൾ, മദ്രസയല്ലെന്നും സ്‌കൂൾ മാനേജർ രാജ്‌നീത് ജെയിൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജെയിൻ മാനേജ്‌മെന്റിനു കീഴിൽ 25 വർഷമായി പ്രവർത്തിക്കുന്ന സ്‌കൂളിൽ ലിംഗവിവേചനവും നിലനിൽക്കുന്നതായി വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതിപ്പെടുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ലൗ ജിഹാദിൽ നിന്നു പെൺകുട്ടികളെ രക്ഷിക്കുന്നതിനു വേണ്ടിയാണ് നീക്കമെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം. മുസ്ലിം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളുമായി സ്‌കൂൾ പരിസരത്തുവച്ച് ഇടപഴകുന്നത് അനുവദിക്കാനാവില്ലെന്നും സ്‌കൂൾ അധികൃതർ വാദിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News