പാലക്കാട്: ഗോവിന്ദച്ചാമിയുടെ മരണമാണ് താൻ ആഗ്രഹിക്കുന്നതെന്നു സൗമ്യയുടെ അമ്മ സുമതി. തിരുത്തൽ ഹർജി തള്ളിയ സുപ്രീംകോടതി വിധി വന്ന ശേഷം മാധ്യമങ്ങളോടാണ് സുമതി ഇങ്ങനെ പ്രതികരിച്ചത്. ഗോവിന്ദച്ചാമിക്കു തൂക്കുകയർ തന്നെ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹം. നീതികിട്ടുന്നതു വരെ മുന്നോട്ടു പോകുമെന്നും സൗമ്യയുടെ അമ്മ വ്യക്തമാക്കി.
സുപ്രീംകോടതിയിൽ നിന്നു ഇത്തവണയെങ്കിലും നീതി കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നതായി അമ്മ പറഞ്ഞു. എന്നാൽ ഇപ്പോഴുണ്ടായ കോടതിവിധി ദുഃഖകരമാണ്. മകൾക്കു നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ്. എന്നാൽ, ഇനി എന്താണ് ചെയ്യേണ്ടതെന്നു അറിയില്ലെന്നും അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും സമർപിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ഗോവിന്ദച്ചാമിക്കു വധശിക്ഷ പുനഃസ്ഥാപിക്കപ്പെടില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ഹർജി തള്ളിയത്.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ചേംബറിൽ തിരുത്തൽ ഹർജി പരിഗണിച്ചത്. എന്നാൽ, തിരുത്തൽ ഹർജി ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. ബെഞ്ചിലെ ആറു ജഡ്ജിമാരും ഹർജി തള്ളുന്നതിനോടു യോജിച്ചു. നീതി നിഷേധിക്കപ്പെട്ടെന്ന വാദം കോടതി തള്ളി. വധശിക്ഷ പുനഃസ്ഥാപിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here