വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിച്ച കറുത്ത വർഗക്കാരനെ വിമാനത്തിൽ നിന്നു പുറത്താക്കി; സംഭവം അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിൽ; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ

വാഷിംഗ്ടൺ: വിമാനം പറന്നുരാനുള്ള ഇടവേളയിൽ വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിച്ച കറുത്തവർഗക്കാരനായ യാത്രക്കാരനെ വിമാനത്തിൽ നിന്നു പുറത്താക്കി. അമേരിക്കയിലെ അറ്റ്‌ലാൻഡ വിമാനത്താവളത്തിൽ ഡെൽറ്റ വിമാനത്തിലാണ് സംഭവം. ഡിജെയും കവിയുമായ കിമ ഹാമിൽട്ടണെയാണ് വിമാനത്തിൽ നിന്നു പുറത്താക്കിയത്. വിമാനം പറന്നുയരുന്നതിനായി റൺവേയിൽ ഊഴം കാത്ത് കിടക്കുന്നതിനിടെ ബാത്ത്‌റൂം ഉപയോഗിച്ചതിനാണ് കിമ ഹാമിൽട്ടണെ പുറത്താക്കിയത്.

അറ്റ്‌ലാൻഡ വിമാനത്താവളത്തിൽ നിന്ന് മിൽവാക്കിലേക്കു പോകാൻ ഡെൽറ്റ വിമാനത്തിൽ കയറിയതായിരുന്നു കിമ ഹാമിൽടൺ. വിമാനത്തിനുള്ളിൽ കയറിയപ്പോഴാണ് കിമയ്ക്കു മൂത്രമൊഴിക്കാൻ പോകണമെന്നു തോന്നിയത്. വിമാനം പുറപ്പെട്ട ശേഷം ബാത്ത്‌റൂമിൽ പോകാമെന്നു ആദ്യം കരുതി. വിമാനം പുറപ്പെടാൻ വൈകിയതോടെ കിമ ബാത്ത്‌റൂമിലേയ്ക്കു പോകാനായി എഴുന്നേൽക്കുകയായിരുന്നു. ഇതിനിടെ കിമയുടെ അടുത്തെത്തിയ വിമാന ജീവനക്കാരൻ റൺവേയിൽ ഊഴം കാത്തു കിടക്കുന്ന വിമാനം ഉടൻ തന്നെ പറന്നുയരുമെന്നും സീറ്റിൽ പോയി ഇരിക്കാനും ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആവശ്യമനുസരിച്ച് സീറ്റിലേക്ക് കിമ മടങ്ങി.

എന്നാൽ ടേക്ക് ഓഫ് വീണ്ടും വൈകിയതോടെ സഹികെട്ട കിമ റെസ്റ്റ് റൂമിൽ പോവുകയും ഉടൻ തന്നെ മടങ്ങിയെത്തുകയും ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം എൻട്രി ഗേറ്റിലേക്ക് മടങ്ങുകയാണെന്നും ഒരു യാത്രക്കാരനെ ഒഴിപ്പാക്കാനുമുണ്ടെന്ന പൈലറ്റിന്റെ അനൗൺസ്‌മെന്റ് മുഴങ്ങിയതായി കിമ പറഞ്ഞു. പൈലറ്റിന്റെ സന്ദേശത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായതോടെ കിമ തന്നെ സംഭവിച്ചതെന്താണെന്ന് യാത്രക്കാരോട് വിവരിച്ചു. ഇതിനോടകം വിമാനം എൻട്രി ഗേറ്റിൽ തിരിച്ചെത്തിയിരുന്നു.

ഉടൻ തന്നെ ഡെൽറ്റയുടെ സുരക്ഷാ ജീവനക്കാരൻ വിമാനത്തിലെത്തുകയും കിമയോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എന്തിന് പുറത്തിറങ്ങണമെന്ന കിമയുടെ ചോദ്യത്തിന് മതിയായ ഉത്തരം നൽകാൻ സുരക്ഷാ ജീവനക്കാർ തയ്യാറായില്ലെന്ന് കിമയുടെ സഹയാത്രികർ പറഞ്ഞു. ഏറെ തർക്കങ്ങൾക്കൊടുവിൽ വിമാനത്തിൽ നിന്നിറങ്ങാൻ കിമ ഹാമിൽട്ടൺ തയ്യാറായെങ്കിലും മറ്റു യാത്രക്കാർ തടഞ്ഞു. തുടർന്ന് യാത്രക്കാരെല്ലാം വിമാനത്തിൽ നിന്ന് പുറത്തിറങ്ങി. ടെർമിനലിൽ എഫ്ബിഐ ഉദ്യോഗസ്ഥരടക്കമുള്ളവർ ഹാമിൽട്ടണെ ചോദ്യം ചെയ്യാനെത്തിയിരുന്നുവെന്ന് സഹയാത്രികൻ ക്രസ്റ്റ റിസോളിനോ പറഞ്ഞു.

തുടർന്ന് ഹാമിൽട്ടണെ കൂടാതെ ഡെൽറ്റ മിൽവാക്കിലേക്ക് പറന്നുയർന്നു. ഹാമിൽട്ടണിനാകട്ടെ യാത്രക്കൂലിയുടെ പകുതി മടക്കി നൽകുകയും ചെയ്തു. പിന്നീട് സൗത്ത് വെസ്റ്റ് എയർലൈൻസിൻറെ വിമാനത്തിൽ മൂന്നിരട്ടി തുക നൽകി ഹാമിൽട്ടണിന് മിൽവാക്കിലേക്ക് പറക്കേണ്ടി വന്നു. അതും ലഗേജൊന്നുമില്ലാതെ. ബാഗുകൾ മിൽവാക്ക് വിമാനത്താവളത്തിൽ കൈമാറാമെന്ന് ഡെൽറ്റ വാഗ്ദാനവും നൽകി.

നാടകീയമായ രംഗങ്ങൾ മുഴുവനും വിമാനത്തിലെ സഹയാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുണ്ട്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സരുക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്നാണ് ഹാമിൽട്ടണെ പുറത്താക്കിയതെന്ന വാദവുമായി ഡെൽറ്റാ എയർലൈൻ സർവീസ് അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here