എൽഡിഎഫ് സർക്കാർ എന്നും ജനങ്ങൾക്കൊപ്പം; വിദ്യാഭ്യാസ വായ്പ തിരിച്ചടവിനുള്ള സഹായപദ്ധതി ജനകീയമെന്നു ഡോ.ബി ഇക്ബാൽ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവിനുള്ള സഹായപദ്ധതിയെ ഡോ.ബി ഇക്ബാൽ സ്വാഗതം ചെയ്തു. ഇതൊരു ജനകീയ പദ്ധതിയാണെന്നു സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കൂടിയായ അദ്ദേഹം വിലയിരുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതിരണം.

വായ്പയെ ആശ്രയിച്ച് പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരുന്ന രീതി ഇന്നു നമ്മുടെ നാട്ടിൽ സാധാരണമാണ്. കുടിശ്ശികയാകുന്നതോടെ കടം പെരുകും. തിരിച്ചടവ് അസാധ്യമായി മാറും. ഇതൊരു വലിയ സാമൂഹിക പ്രശ്‌നമായി മാറിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങി നിഷ്‌ക്രിയ ആസ്തിയായി മാറിയ വായ്പകൾക്കാണല്ലോ ജപ്തി നോട്ടീസും മറ്റും വന്നു കൊണ്ടിരിക്കുന്നത്. സർഫേസി നിയമപ്രകാരം കണ്ണിൽ ചോരയില്ലാത്ത ചില ഏജൻസികൾ പിരിവ് ഏറ്റെടുത്തിരിക്കുകയാണ്. ബാങ്കുകൾ കിട്ടാക്കടത്തിന്റെ പകുതിയും അതിൽ താഴെ തുകയ്ക്കുമാണ് ഈ പിരിവുകാർക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള സർക്കാർ രൂപം നൽകിയിരിക്കുന്ന സ്‌കീമിന്റെ യുക്തി വളരെ ലളിതമാണ്. ഇത്രയും ഇളവ് വായ്പയെടുത്ത സാധാരണക്കാർക്ക് കൊടുത്താൽ ബാക്കി കടം തിരിച്ചടയ്ക്കാൻ ഉള്ള ചുമതലയിൽ സർക്കാരും പങ്കാളിയാകാം. ഈ സ്‌കീം പൂർണ്ണമായും നടപ്പാക്കുന്നതിന് ഏതാണ്ട് 900 കോടി രുപ ബാധ്യത വരുമെന്നാണ് സംസ്ഥാനതല ബാങ്കിംഗ് സമിതി കണക്കാക്കിയിട്ടുള്ളത്. ഈ സാമ്പത്തിക വർഷം ഏറ്റവും ചുരുങ്ങിയത് 500-600 കോടി രൂപയെങ്കിലും വേണ്ടി വരും. അങ്ങനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെ മറ്റൊരു വാഗ്ദാനവും കൂടി ശരിയായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്തിനകത്ത് പ്രൊഫഷണൽ കോഴ്‌സുകൾക്ക് അംഗീകൃത സ്ഥാപനങ്ങളിൽ മെറിറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കാണ് ഈ തിരിച്ചടവ് സഹായം ലഭിക്കുക. എന്നാൽ നഴ്‌സിംഗിന്റെ കാര്യത്തിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും ഈ സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് സർക്കാർ സഹായം നൽകുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയായിരിക്കും ഇതെന്നും ഡോ.ബി ഇക്ബാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here