ഗംഭീർ മുന്നിൽ നിന്നു നയിച്ചു; കൊൽക്കത്തയ്ക്കു തകർപ്പൻ ജയം; സഞ്ജുവിന്റെ അർധ സെഞ്ച്വറിക്കും ഡെൽഹിയെ രക്ഷിക്കാനായില്ല

കൊൽക്കത്ത: സ്വന്തം മണ്ണിൽ ഗൗതം ഗംഭീർ മുന്നിൽ നിന്നു നയിച്ചപ്പോൾ കൊൽക്കത്തയ്ക്കു തകർപ്പൻ ജയം. ഡെൽഹി ഡെയർ ഡെവിൾസിനെ ഏഴു വിക്കറ്റിനാണ് കൊൽക്കത്ത തോൽപിച്ചത്. ഡെൽഹിയുടെ 161 റൺസ് വിജയലക്ഷ്യം 22 പന്ത് ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. 52 പന്ത് നേരിട്ട് 71 റൺസുമായി പുറത്താകാതെ നിന്ന ഗംഭീറിന്റെ ഇന്നിംഗ്‌സാണ് കൊൽക്കത്തയ്ക്കു വിജയം സമ്മാനിച്ചത്.

ഗംഭീർ-ഉത്തപ്പ കൂട്ടുകെട്ട് തന്നെയാണ് ഈ മത്സരത്തിലും കൊൽക്കത്തയുടെ വിജയത്തിൽ അടിത്തറ പാകിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കി. ഉത്തപ്പ 33 പന്തിൽ അഞ്ചു ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 59 റൺസ് നേടി. ഗംഭീർ ഐപിഎല്ലിൽ 4000 റൺസ് പിന്നിട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ ഡെൽഹി മലയാളി താരം സഞ്ജു വി സാംസണിന്റെ മികവിലാണ് 160 റൺസടിച്ചത്. 38 പന്തിൽ നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 60 റൺസടിച്ച സഞ്ജു ഡൽഹി ഇന്നിങ്‌സിന് അടിത്തറ നൽകുകയായിരുന്നു.

പത്താം സീസണിലെ സഞ്ജുവിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. നേരത്തെ റെയ്‌സിംഗ് പുണെ സൂപ്പർ ജയന്റിനെതിരെ സഞ്ജു സെഞ്ചുറി നേടിയിരുന്നു. 34 പന്തിൽ 47 റൺസ് നേടി ശ്രേയസ് അയ്യർ സഞ്ജുവിന് മികച്ച പിന്തുണ നൽകി. അതേസമയം കരുൺ നായർ, ഋഷഭ് പന്ത്, കോറി ആൻഡേഴ്‌സൺ, ക്രിസ് മോറിസ് എന്നിവർക്ക് തിളങ്ങാനായില്ല. അവസാന ഓവറുകളിൽ റൺസ് അടിച്ചു കൂട്ടുന്നതിന് പകരം ഡൽഹി വിക്കറ്റുകൾ കളഞ്ഞുകുളിച്ചു. 28 റൺസെടുക്കുന്നതിനിടയിലാണ് ഡൽഹിക്ക് അവസാന നാല് വിക്കറ്റുകൾ നഷ്ടമായത്. അതേസമയം കാൾട്ടർനിലെ കൊൽക്കത്തയ്ക്കായി നാല് ഓവറിൽ 34 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here