ഹരിയാനയിലെ ഭൂമി ഇടപാടിൽ റോബർട്ട് വദ്ര 50 കോടി തട്ടിയെടുത്തു; കണ്ടെത്തൽ ദിൻഗ്ര കമ്മിഷൻ റിപ്പോർട്ടിൽ; റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപിച്ചു

ദില്ലി: ഹരിയാനയിലെ ഭൂമി ഇടപാടിൽ സോണിയ ഗാന്ധിയുടെ മരുമകൻ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. 50 കോടി രൂപ വദ്ര തട്ടിയെടുത്തതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജസ്റ്റിസ് ദിൻഗ്ര കമ്മിഷൻ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. റിപ്പോർട്ട് മുദ്രവച്ച കവറിൽ സുപ്രീംകോടതിയിൽ സമർപിച്ചു. ഹരിയാന സർക്കാരാണ് റിപ്പോർട്ട് കോടതിയിൽ സമർപിച്ചിട്ടുള്ളത്.

ഗുരുഗ്രാമിലെ നാലു ഗ്രാമങ്ങളിൽ നടന്ന ഭൂമി ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനാണ് ജസ്റ്റിസ് ദിൻഗ്ര കമ്മിഷനെ സർക്കാർ നിയോഗിച്ചത്. 2015-ലായിരുന്നു കമ്മിഷനെ നിയമിച്ചത്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്ക് അനധികൃതമായി ലാഭമുണ്ടാക്കനായി ഗുഢാലോചന നടന്നതായും റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു. ഓംകാരേശ്വർ പ്രോപ്പർട്ടീസ് എന്ന കമ്പനിയുമായി സ്‌കൈലൈറ്റ് അനധികൃത ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

2008-ലാണ് സ്‌കൈലൈറ്റും ഓംകാരേശ്വർ പ്രോപ്പർട്ടീസുമായി ഇടപാട് നടക്കുന്നത്. ഇതിൽ ഒരു രൂപ പോലും ചെലവാക്കാതെ 50 കോടി രൂപ റോബർട്ട് വാദ്ര തട്ടിയെടുത്തുവെന്നാണ് അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്. സ്‌കൈലൈറ്റിനു അനധികൃത ലാഭമുണ്ടാക്കാനായി ഗൂഢാലോചന നടന്നതായും റിപ്പോർട്ട് പരാമർശിക്കുന്നു. ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്നു വാങ്ങിയ ഭൂമി ഉപയോഗ ലൈസൻസ് മാറ്റി വലിയ തുകയ്ക്ക് ഡിഎൽഎഫി ന് വിറ്റാണ് വദ്ര അനധികൃത ലാഭമുണ്ടാക്കിയത്.

ഭൂമിയുടെ തീറാധാര പ്രകാരം ഭൂമിക്കായി ഓംകാരേശ്വർ പ്രോപ്പർട്ടീസിന് വദ്ര ഒരു രൂപ പോലും നൽകിയിട്ടില്ല. വദ്ര നടത്തിയ ഇരുപത് ഭൂമി ഇടപാടുകൾ കമ്മിഷൻ അന്വേഷിച്ചിട്ടുണ്ട്. അമിപൂർ ഗ്രാമത്തിൽ 2010-ൽ പ്രിയങ്ക ഗാന്ധി നടത്തിയ ഭൂമി ഇടപാടും കമ്മിഷൻ പരിശോധിച്ചിരുന്നു. എന്നാൽ തന്റെ സാമ്പത്തിക ഇടപാടുകൾക്ക് റോബർട്ട് വദ്രയുമായി ബന്ധമില്ലെന്നാണ് ഇതുസംബന്ധിച്ച് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.

2016 ഓഗസ്റ്റ് 31 നാണ് കമ്മിഷൻ റിപ്പോർട്ട് ഹരിയാണ സർക്കാരിനു സമർപ്പിച്ചത്. കമ്മിഷന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കമ്മിഷൻ റിപ്പോർട്ട് വിവരങ്ങൾ പുറത്തുവിടില്ലെന്ന് സർക്കാർ കോടതിക്ക് രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്. ഭൂമിഇടപാടുമായി ബന്ധപെട്ട മറ്റൊരു കേസിലാണ് റിപ്പോർട്ട് സർക്കാർ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയിൽ സമർപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News