ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊലപാതകം: മലയാളി ബിടെക് വിദ്യാര്‍ഥിയും അറസ്റ്റില്‍; ഇതുവരെ അറസ്റ്റിലായത് ഏഴു മലയാളികള്‍

നീലഗിരി: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളി ബിടെക് വിദ്യാര്‍ത്ഥി അറസ്റ്റില്‍. മലപ്പുറം സ്വദേശി ബിജിത് ജോയി എന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. ബിജിത് ജോയി ക്വട്ടേഷന്‍ സംഘത്തോടൊപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കേസില്‍ ഇതുവരെ എഴു മലയാളികളെയാണ് നീലഗിരി പൊലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നാലു പേര്‍ മലപ്പുറം സ്വദേശികളും മൂന്നു പേര്‍ തൃശ്ശൂര്‍ സ്വദേശികളുമാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് കോടനാട് എസ്‌റ്റേറ്റിലെ സ്വകാര്യ റോഡില്‍ 51കാരനായ ഓം ബഹാദൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ കൃഷ്ണാ ബഹാദൂറിനെ പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു.

ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റ്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എസ്‌റ്റേറ്റും വസതിയും ശശികലയുടെ കൈകളിലാണ്. ഏകദേശം 800 ഏക്കറുകളിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. മോഷണശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് സംഘം അകത്തുകടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News