കശ്മീര്‍ കത്തുന്നു; വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്ന് കേന്ദ്രം; അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധം

ദില്ലി: കശ്മീര്‍ വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി കോടതിയില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് കെ കൌള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചുമുമ്പാകെയാണ് കേന്ദ്രം വിഷയത്തില്‍ നിലപാട് അറിയിച്ചത്. പ്രശ്‌നപരിഹാരത്തിന് കേന്ദ്രം മുന്‍കൈയെടുക്കുന്നില്ലെന്നു കുറ്റപ്പെടുത്തി ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ ചര്‍ച്ചയ്ക്കുണ്ടെങ്കില്‍ കേന്ദ്രം അതിന് ഒരുക്കമാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ലെന്ന ബാര്‍ അസോസിയേഷന്റെ വാദം അടിസ്ഥാനരഹിതമാണ്. അടുത്തിടെ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും വിഷയം ചര്‍ച്ചചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിച്ചതിനെപ്പോലും സംശയത്തോടെയാണ് ബാര്‍ അസോസിയേഷന്‍ നോക്കിക്കാണുന്നത്. ചര്‍ച്ചയെക്കുറിച്ച് എന്തെങ്കിലും ഉറപ്പ് നല്‍കാനാകില്ല. അവിടെ നടക്കുന്നത് നിഴല്‍യുദ്ധമാണ്. സര്‍ക്കാര്‍ അവിടെ ആരെയും ആക്രമിക്കുന്നില്ല.

വിഷയത്തില്‍ കോടതി ഇടപെടുന്നതില്‍ എജിക്കുള്ള അസ്വസ്ഥത ബോധ്യപ്പെട്ട മൂന്നംഗ ബെഞ്ച് തങ്ങള്‍ക്ക് ഇതില്‍ നിയമപരമായി ഇടപെടുന്നതിന് അധികാരമില്ലെന്ന് ഒരു വാക്കില്‍ പറഞ്ഞാല്‍ കേസ് അവസാനിപ്പിച്ചേക്കാമെന്ന് വ്യക്തമാക്കി. ഇരുകൂട്ടരും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഹര്‍ജിക്കാരെന്ന നിലയില്‍ ബാര്‍ അസോസിയേഷനാണ് നടപടികളിലേക്ക് ആദ്യം കടക്കേണ്ടത്. എല്ലാവരുമായും സംസാരിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ അസോസിയേഷന്‍ തയ്യാറാകണം. തങ്ങള്‍ എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുത്. ബാര്‍ അസോസിയേഷന് വലിയ പങ്ക് വഹിക്കാനുണ്ട്. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കൃത്യമായൊരു പദ്ധതിക്കും മാര്‍ഗരേഖയ്ക്കും രൂപം നല്‍കണം കോടതി പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നു നിരീക്ഷിച്ച കോടതി കേസ് വീണ്ടും മെയ് ഒമ്പതിന് പരിഗണിക്കാനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News