ഇത് ചരിത്രം: ബാഹുബലി-2 ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ദൃശ്യവിസ്മയമൊരുക്കി പ്രേക്ഷകരിലേക്കെത്തിയ ബാഹുബലി ഇന്ത്യന്‍ ബോക്‌സോഫീസിലും അദ്ഭുതമാവുകയാണ്. ഇന്ത്യന്‍ സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ബാഹുബലിയുടെ രണ്ടാം ഭാഗം ആദ്യ ദിനം തന്നെ ഇളക്കി മറിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം ആരായിരത്തോളം തിയേറ്ററുകളിലെത്തിയ ബാഹുബലി ആദ്യ ദിനം തന്നെ നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും 125 കോടിയാണ് ബാഹുബലിയുടെ ഇനിഷ്യല്‍ കളക്ഷന്‍ എന്നാണ് ബോക്‌സോഫീസ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

85 കോടി ആദ്യ ദിനത്തില്‍ നേടിയ ബാഹുബലിയുടെ ആദ്യഭാഗത്തിന്റെയും, 75 കോടി നേടിയ കബാലിയുടേയും കളക്ഷനാണ് ബാഹുബലി കണ്‍ക്ലൂഷന്‍ ആദ്യ ദിനത്തില്‍ മറികടന്നത്. ഇന്ത്യക്ക് പുറത്തുള്ള ഓവര്‍സീസ് കളക്ഷന്‍ കൂടി വരുമ്പോല്‍ ഇനീഷ്യല്‍ ഡേ കളക്ഷന്‍ 150 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഇന്ത്യക്ക് പുറത്ത് 3000ത്തോളം തിയേറ്ററുകളിലാണ് ബാഹുബലി കണ്‍ക്ലൂഷന്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് മുമ്പ് തന്നെ 500 കോടിയോളം ബിസിനസ് നടത്തി നിര്‍മ്മാതാവിന്റെ പെട്ടി നിറച്ചിട്ടാണ് ബാഹുബലി വെള്ളിത്തിരയിലേക്കെത്തിയത്.
രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ട് ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രേക്ഷകരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവതിമിര്‍പ്പിലാവുകയായിരുന്നു. ഒന്നാംഭാഗം സൃഷ്ടിച്ചതിനെക്കാള്‍ ഇരട്ടി ആവേശമാണ് ബാബുബലി 2 ദ കണ്‍ക്ലൂഷന്‍ തീര്‍ത്തിരിക്കുന്നത്. കേരളത്തില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെല്ലാം രണ്ടാംദിവസമായ ഇന്നും ഉത്സവലഹരിയാണ്. നായകന്‍ പ്രഭാസും പ്രതിനായകന്‍ പല്‍വാല്‍ദേവനും കട്ടപ്പയും അഭിനയമുഹൂര്‍ത്തത്തിന്റെ വിസ്മയം തീര്‍ക്കുകയായിരുന്നു ബാഹുബലി 2ല്‍.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ നാലുഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിന് ചിത്രം കണ്ടവര്‍ക്ക് ഉത്തരം കിട്ടി. പക്ഷേ അത് പുറത്തുപറയാതെ സസ്‌പെന്‍സ് നിറുത്തിയാണ് ബാഹുബലി 2 കണ്ടിറങ്ങിയവര്‍ മടങ്ങിയത്. വന്‍ പ്രതീക്ഷയോടെ ബാഹുബലി 2 കാണാനെത്തിയവര്‍ക്ക് രാജമൗലിയും കൂട്ടരും നല്‍കിയതാകട്ടെ ഇരട്ടി ഇരട്ടി പ്രതീക്ഷ.

സ്‌പെഷ്യല്‍ ഇഫക്ട്‌സിലൂടെയും ഗ്രാഫിക്‌സിലൂടെയും ബ്രഹ്മാണ്ഡ സെറ്റുകളിലൂടെയും മിഴിവുറ്റതാക്കിയപ്പോള്‍ ബാഹുബലി 2 തിരുത്തിക്കുറിക്കുന്നത് കളക്ഷനുകളുടെ ബോക്‌സോഫീസ് റെക്കോര്‍ഡുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here