കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തിലെ ഒന്നാംപ്രതി വാഹനാപകടത്തില്‍ മരിച്ചു; രണ്ടാംപ്രതി സഞ്ചരിച്ച വാഹനം പാലക്കാട് അപകടത്തില്‍പ്പെട്ടു; ദുരൂഹതകള്‍ തുടരുന്നു

നീലഗിരി: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹമരണം. ജയലളിതയുടെ മുന്‍ഡ്രൈവറായ കനകരാജാണ് വാഹനാപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ തിങ്കളാഴ്ച കോടനാട് എസ്‌റ്റേറ്റിലെ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. എസ്‌റ്റേറ്റിലെ സ്വകാര്യ റോഡില്‍ 51കാരനായ ഓം ബഹാദൂറിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ കൃഷ്ണാ ബഹാദൂറിനെ പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് മലയാളി ബിടെക് വിദ്യാര്‍ത്ഥി അടക്കം എട്ടു പേരെ നീലഗിരി പൊലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി ബിജിത് ജോയി എന്ന വിദ്യാര്‍ഥിയെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ നാലു പേര്‍ മലപ്പുറം സ്വദേശികളും മൂന്നു പേര്‍ തൃശൂര്‍ സ്വദേശികളുമാണെന്ന് പൊലീസ് അറിയിച്ചു. മോഷണശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് സംഘം അകത്തുകടന്നത്.

ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റ്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എസ്‌റ്റേറ്റും വസതിയും ശശികലയുടെ കൈകളിലാണ്. ഏകദേശം 800 ഏക്കറുകളിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News