പാലക്കാട്ട് അപകടത്തിൽ മരിച്ച അമ്മയും മകളും നേരത്തെ കൊല്ലപ്പെട്ടതായി സംശയം; ഇരുവരുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവ്; കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തിലെ പ്രതികളുടെ മരണത്തിൽ കൂടുതൽ ദുരൂഹത

പാലക്കാട്: പാലക്കാട്ട് അപകടത്തിൽ പെട്ട് മരിച്ച കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തിലെ രണ്ടാം പ്രതിയുടെ ഭാര്യയും മകളും അപകടത്തിനു മുമ്പേ തന്നെ കൊല്ലപ്പെട്ടതായി സംശയം ഉയരുന്നു. മൃതദേഹങ്ങളിൽ കാണപ്പെട്ട മുറിവുകളാണ് ഇത്തരത്തിലൊരു സംശയം ഉയരാൻ ഇടയാക്കുന്നത്. എസ്റ്റേറ്റ് കൊലപാതകത്തിലെ രണ്ടാം പ്രതി സയന്റെ ഭാര്യ വിനുപ്രിയ (30), മകൾ നീതു (അഞ്ച്) എന്നിവരാണ് കണ്ണാടിയിൽ വാഹനാപകടത്തിൽ മരിച്ചത്.

അമ്മയുടെയും മകളുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതാണ് അപകടം നടക്കുന്നതിനു മുമ്പുതന്നെ ഇവർ കൊല്ലപ്പെട്ടിരിക്കാം എന്ന സംശയം ഉയരുന്നത്. ഒരേ പോലെയുള്ള മുറിവുകളാണ് വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തിലുള്ളത്. സയൻ ഇപ്പോൾ പരുക്കുകളുമായി ആശുപത്രിയിലാണെങ്കിലും പൊലീസ് കസ്റ്റഡിയിലാണ്.

കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വാഹനങ്ങൾ വ്യത്യസ്ത അപകടങ്ങളിൽ പെട്ട് മൂന്നു പേരാണ് മരിച്ചത്. ഒന്നാംപ്രതിയും ജയലളിതയുടെ മുൻഡ്രൈവറുമായ കനകരാജിന്റെ വാഹനം സേലത്തു വച്ചാണ് അപകടത്തിൽപ്പെട്ടത്. രണ്ടാംപ്രതി സയനും കുടുംബവും സഞ്ചരിച്ച വാഹനം പാലക്കാട് കണ്ണാടിയിലാണ് അപകടത്തിൽപ്പെട്ടത്.

സയൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. കോയമ്പത്തൂരിൽ താമസിക്കുന്ന ഇവർ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ കാറാണ് കൊലപാതക ദിവസം എസ്റ്റേറ്റിൽ പോകാൻ ഇവർ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കനകരാജിന്റെ മരണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും സൂചനയുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടനാട് എസ്‌റ്റേറ്റിലെ ജീവനക്കാരൻ കൊല്ലപ്പെട്ടത്. എസ്‌റ്റേറ്റിലെ സ്വകാര്യ റോഡിൽ 51കാരനായ ഓം ബഹാദൂറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു സുരക്ഷാ ജീവനക്കാരൻ കൃഷ്ണാ ബഹാദൂറിനെ പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് വിവരങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് കനകരാജിനെയും സയനെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇരുവരും സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതക കേസിൽ മലയാളി ബിടെക് വിദ്യാർത്ഥി അടക്കം എട്ടു പേരെയാണ് നീലഗിരി പൊലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തിരുന്നു.

ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റ്. ഏകദേശം 800 ഏക്കറുകളിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. പണവും സ്വർണവും അടക്കം രണ്ടായിരം കോടിയിലേറെ ഇവിടെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്. എസ്റ്റേറ്റിലെ 10ാം നമ്പർ ഗേറ്റിലൂടെയാണ് സംഘം അകത്തുകടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News