റൊണാൾഡോ പടിയിറങ്ങുന്നു.., നെയ്മറിനുവേണ്ടി; ഇനി മൂല്യമേറിയ രണ്ടാമത്തെ ലോക ഫുട്‌ബോൾ താരം നെയ്മർ

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പടിയിറങ്ങുകയാണ്. നെയ്മറിനു വേണ്ടി. ഒന്നും മനസ്സിലായില്ലെങ്കിൽ നെറ്റി ചുളിക്കേണ്ട. സംഭവം ക്ലബ് ഫുട്‌ബോളിലെ ട്രാൻസ്ഫർ വിപണിയെ കുറിച്ചാണ്. ട്രാൻസ്ഫർ വിപണിയിൽ റൊണാൾഡോയുടെ വില ഇടിഞ്ഞുവരികയാണ്. ഇപ്പോൾ നെയ്മറാണ് ട്രാൻസ്ഫർ വിപണിയിലെ താരം.

റൊണാൾഡോയ്ക്ക് കളിക്കളത്തിലിത് മെച്ചപ്പെട്ട ആഴ്ചയായിരുന്നില്ല. നിർണായക എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണയോടു തോറ്റെന്നു മാത്രമല്ല, ബദ്ധവൈരിയായ ലയണൽ മെസിയുടെ ടീമിനെതിരെ ഗോളൊന്നും നേടാനും സാധിച്ചിരുന്നില്ല. തൊട്ടടുത്ത മത്സരത്തിൽ സ്പാനിഷ് ലീഗിലെ കുഞ്ഞൻ ടീമായ ഡിപ്പോർട്ടീവോ ലാ കൊരൂണയ്‌ക്കെതിരെ കളിപ്പിക്കാതെ കോച്ച് സിനദിൻ സിദാൻ കരയ്ക്കിരുത്തുകയും ചെയ്തു.

കളിക്കളത്തിലെ ഇത്തരം തിരിച്ചടികൾ റോണോയെപ്പോലെ പ്രൊഫഷണലായ ഒരു ഫുട്‌ബോളർക്ക് പുതുമയുള്ളതല്ല. മറിച്ച് ക്രിസ്റ്റ്യാനോയെ നിരാശനാക്കുന്ന ഘടകം ലോകത്തെ മൂല്യമേറിയ രണ്ടാമത്തെ ഫുട്‌ബോൾ താരമെന്ന വിശേഷണം നഷ്ടമാകുന്നു എന്നതാണ്. ഒരു പക്ഷേ ഈ നഷ്ടം എന്നെന്നേക്കുമായിരിക്കും.

പ്രൊഫഷണൽ ഫുട്‌ബോളർമാരുടെ ട്രാൻസ്ഫർ മാർക്കറ്റ് റേറ്റിലാണ് റോണോയ്ക്ക് സ്ഥാനനഷ്ടമുണ്ടായത്. ഏറെക്കാലമായി ഈ സ്ഥാനത്തുണ്ടായിരുന്ന റൊണാൾഡോയെ പിന്തള്ളിയത് ബാഴ്‌സലോണയുടെ ബ്രസീലിയൻ താരം നെയ്മറാണ്. ട്രാൻസ്ഫർ മാർക്കറ്റിൽ ക്രിസ്റ്റ്യാനോയുടെ മൂല്യം 100 മില്യൺ ഡോളറായിരുന്നു.
നെയ്മറിന്റെ പുതിയ മൂല്യമാകട്ടെ 100.5 മില്യൻ ഡോളറും. 120 മില്യൺ ഡോളറുമായി ലയണൽ മെസിയാണ് ഏറെക്കാലമായി ഒന്നാം സ്ഥാനത്ത്.

കളിക്കളത്തിലെ പ്രകടനത്തിനൊപ്പം പ്രായവും പരസ്യവിപണിയിലെ സ്വീകാര്യതയും കണക്കിലെടുത്താണ് ട്രാൻസ്ഫർ മാർക്കറ്റിൽ താരങ്ങളുടെ മുൻഗണന നിശ്ചയിക്കുക. ഫീൽഡിൽ റൊണാൾഡോയുടെ ബൂട്ടുകളുടെ മൂല്യം ഇപ്പോഴും ഒട്ടും കുറഞ്ഞിട്ടില്ല. മറിച്ച് 32 കാരൻ എന്ന ഡെയ്ഞ്ചർ സോണിലാണിപ്പോൾ റോണോ. 40 വയസുവരെ കോർട്ടിലുണ്ടാകുമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും 4-5 വർഷത്തിനപ്പുറം കോർട്ടിലെ ഈ മികവ് റൊണാൾഡോയ്ക്ക് തുടരാനാകുമെന്ന് ഫുട്‌ബോൾ ലോകം കരുതുന്നില്ല. ഇതേ കാരണങ്ങൾ
കൊണ്ടുതന്നെയാണ് പരസ്യവിപണിയിൽ ക്രിസ്റ്റ്യാനോയ്ക്ക് അവസരം കുറയുന്നതും.

മറിച്ച് നെയ്മറാകട്ടെ ഇപ്പോൾ 25ലാണ്. ബാഴ്‌സയ്ക്കു വേണ്ടിയാകട്ടെ, മാതൃരാജ്യമായ ബ്രസീലിനു വേണ്ടിയാകട്ടെ ഒന്നിനൊന്നു മികച്ച പ്രകടനമാണ് ഓരോ മത്സരത്തിലും നെയ്മറിന്റെ ബൂട്ടിൽ നിന്നു പുറത്തുവരുന്നത്. ചാംപ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ ആദ്യ പാദത്തിൽ നാലു ഗോളിന് തോറ്റ ബാഴ്‌സ നെയ്മറിന്റെ ഏകമിടുക്കിലാണ് രണ്ടാം പാദത്തിൽ മാജിക് പ്രകടനത്തിലൂടെ ഒന്നിനെതിരെ ആറു ഗോളിന് പിഎസ്ജിയെ തകർത്ത് ക്വാർട്ടർ ബർത്തുറപ്പിച്ചത്.

മാത്രമല്ല, 25 കാരനായ നെയ്മർ കുറഞ്ഞത് എട്ടു വർഷത്തേക്കെങ്കിലും പരസ്യവിപണിയിലെ മികച്ച ബ്രാൻഡ്
ആയിരിക്കും. ഈ നില തുടർന്നാൽ 29കാരനായ ബാഴ്‌സയിലെ സൂപ്പർതാരം മെസിയെ നെയ്മർ പിന്തള്ളുന്ന കാലം വിദൂരമല്ലെന്നും ട്രാൻസ്ഫർ മാർക്കറ്റ് വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News