പാരിസ് ഭീകരാക്രമണം; അന്വേഷണസംഘത്തിൽ മലയാളി ഉദ്യോഗസ്ഥനും; ഫ്രഞ്ച് സംഘത്തിന്റെ അപേക്ഷ കണക്കിലെടുത്ത്

കൊച്ചി: പാരിസ് ഭീകരാക്രമണം അന്വേഷിക്കാൻ മലയാളി ഉദ്യോഗസ്ഥനും. എൻഐഎ ഉദ്യോഗസ്ഥൻ ഷൗക്കത്തലി ഉൾപ്പടെയുള്ള സംഘം ഫ്രാൻസിലെത്തി. കേസന്വേഷണത്തിനു ഫ്രഞ്ച് സംഘം എൻഐഎയുടെ സഹായം തേടുകയായിരുന്നു. ഐഎസിൽ ചേർന്ന സുബ്ഹാനി ഹാജയെ ചോദ്യം ചെയ്തതിൽ നിന്നു പാരിസ് ഭീകരാക്രമണക്കേസ് പ്രതികളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി.

ഭീകരസംഘടനയായ ഐഎസിൽ ചേരാൻ ഇറാഖിലെത്തിയ സുബ്ഹാനി ഹാജ മൊയ്തീനെ പിന്നീട് കോയമ്പത്തൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സുബ്ഹാനിയെ ചോദ്യം ചെയ്യവേ പാരിസ് ഭീകരാക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ചെന്നൈ വിമാനത്താവളം വഴിയാണ് സുബ്ഹാനി ഇസ്താംബുളിലേക്കു കടന്നത്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും എത്തിയവരോടൊപ്പം ഇവിടെ നിന്നും ഇറാഖിലെത്തി.

ഈ കാലത്താണ് പാരിസ് ആക്രമണത്തിനു നേതൃത്വം നൽകിയ സ്വലാഹ് അബ്ദുൾ സലാം, അബ്ദുൽ ഹമീദ് എന്നിവരെ പരിചയപ്പെട്ടതെന്നും സുബ്ഹാനി എൻഐഎയ്ക്കു മൊഴി നൽകിരുന്നു. ഇറാഖിലെത്തിയ സുബ്ഹാനിക്ക് തീവ്രവാദ പരിശീലനം ലഭിച്ചത് പാരിസ് ഭീകരാക്രമണത്തിന് നേതൃത്വം നൽകിയവർക്കൊപ്പമായിരുന്നു. ഫ്രഞ്ച് പൗരനായിരുന്നു തന്റെ യൂണിറ്റ് കമാൻഡറെന്നും സുബ്ഹാനി മൊഴി നൽകിയിരുന്നു.

പാരിസ് ഭീകരാക്രമണം അന്വേഷിക്കുന്ന ഏജൻസി ആവശ്യപ്പെട്ടാൽ സുബ്ഹാനിയെ ചോദ്യം ചെയ്യുന്നതിന് അവസരമൊരുക്കാമെന്ന് എൻഐഎ അറിയിച്ചിരുന്നു. ഇതേതുടർന്ന് ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. പിന്നീട് കേസന്വേഷണത്തിന് ഫ്രഞ്ച് സംഘം എൻഐഎയുടെ സഹായം തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഡിവൈഎസ്പി ഷൗക്കത്തലി ഉൾപ്പെടെയുള്ള അന്വേഷണസംഘം ഫ്രാൻസിൽ എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here