കണ്ടുപിടിത്തങ്ങളുടെ രാജാവായി സുന്ദർ പിച്ചൈ; 2016ലെ മാത്രം പ്രതിഫലത്തുക 200 മില്യൺ ഡോളർ

ഹൂസ്റ്റൺ: ഗൂഗിൾ സിഇഒ ഇന്ത്യാക്കാരനായ സുന്ദർ പിച്ചൈ നടത്തിയ പുതിയ കണ്ടുപിടുത്തങ്ങൾ കഴിഞ്ഞ വർഷം വാങ്ങിയത് 200 മില്യൺ യുഎസ് ഡോളർ. 2015 നെ അപേക്ഷിച്ച് പ്രതിഫലത്തുകയിൽ ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. വിജയകരമായ ഒട്ടനേകം ഉത്പന്നങ്ങൾ അവതരിപ്പിച്ചതിനാണ് വൻതുക പ്രതിഫലമായി നൽകിയത്.

പിച്ചൈയ്ക്കു കീഴിൽ പരസ്യങ്ങൾക്കും യൂട്യൂബ് ബിസിനസുകൾക്കും പുറമേ മെഷീൻ ലേണിംഗ്, ഹാർഡ് വെയർ, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ ഗൂഗിൾ ഉത്പന്നങ്ങളിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. പുതിയ സ്മാർട്ട് ഫോൺ, വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ്, റൗട്ടർ തുടങ്ങി 2016-ൽ ഗൂഗിൾ പരിചയപ്പെടുത്തിയ ഉത്പന്നങ്ങൾ വലിയ പ്രചാരം നേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിച്ചൈയുടെ പ്രതിഫലത്തുകയും ഇരട്ടിച്ചത്.

അതേസമയം 2015നെ അപേക്ഷിച്ച് പിച്ചൈയുടെ ശമ്പളത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2015ൽ 6,52,500 ഡോളർ നേടിയപ്പോൾ, ഈ വർഷമിത് 6,50,000 ഡോളറായി കുറഞ്ഞതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാട്ടിലെ ചെന്നൈയിൽ സാധാരണ കുടുംബത്തിൽ ജനിച്ച പിച്ചൈയുടെ ജീവിതം സിനിമാ കഥയെ പോലും വെല്ലുവിളിക്കുന്നതാണ്.

2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന അദ്ദേഹം 2015 ഓഗസ്റ്റ് 10നാണ് കമ്പനി പുനഃസംഘടിപ്പിച്ചപ്പോൾ സിഇഒ ആയി നിമയിതനാകുന്നത്. അതിനു മുമ്പ് ഗൂഗിളിന്റെ ഉത്പന്നങ്ങളുടെ മേൽനോട്ടച്ചുമതല നിർവഹിക്കുകയായിരുന്നു പിച്ചൈ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here