ചട്ടം മറികടന്ന് വായ്പ മുതല്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മാണ ക്രമക്കേട് വരെ; ടിപി സെന്‍കുമാറിനെതിരെ നടക്കുന്നത് ആറ് വിജിലന്‍സ് അന്വേഷണങ്ങള്‍; അന്വേഷണം സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് സര്‍ക്കാരിന് നല്‍കി

തിരുവനന്തപുരം : ഡിജിപി ടിപി സെന്‍കുമാറിനെതിരെ നടക്കുന്നത് ആറോളം വിജിലന്‍സ് അന്വേഷണങ്ങള്‍. ഡോ. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതല നിര്‍വഹിക്കുമ്പോള്‍ ലഭിച്ച പരാതികളിന്മേലാണ് അന്വേഷണം. കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടറായിരിക്കെ ചട്ടങ്ങള്‍ മറികടന്ന് വായ്പ അനുവദിച്ചത് അടക്കമുള്ള പരാതികളിന്മേലാണ് അന്വേഷണം നടക്കുന്നത്.

കെഎസ്ആര്‍ടിസി എംഡി ആയിരിക്കെ തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ നടന്ന ക്രമക്കേടിലാണ് മറ്റൊരു അന്വേഷണം. ഹിമാലയ ചിട്ടി തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ വീഴ്ച വരുത്തിയതാണ് മറ്റൊരു പരാതി. ഇതടക്കം 6 പരാതികളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ വിവിധ വിജിലന്‍സ് യൂണിറ്റുകളാണ് ടിപി സെന്‍കുമാറിനെതിരായ കേസ് അന്വേഷിക്കുന്നത്. പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഡോ. ജേക്കബ് തോമസ് തല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ടിപി സെന്‍കുമാര്‍. ടിപി സെന്‍കുമാറിന് ഡിജിപി സ്ഥാനത്ത് പുനര്‍നിയമനം നല്‍കണമെന്ന സുപ്രിംകോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ആറ് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്.

2010 – 11 കാലയളവില്‍ കെടിഡിഎഫ്‌സി മാനേജിംങ്ങ് ഡയറക്ടറായി പ്രവര്‍ത്തിക്കവേ ചട്ടങ്ങള്‍ മറികടന്ന് സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്റെ 2016 ജൂലൈ മാസത്തില്‍ രഹസ്യാന്വേഷണം ആരംഭിച്ചു.

വിജിലന്‍സിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് ഒന്ന് ആണ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിന് നല്‍കിയ വായ്പാ തുകയില്‍ തിരിച്ചടവ് മുടങ്ങിയത് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടികാട്ടി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതിന്മേല്‍ ലിഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒരു വ്യക്തിയുടെ കുടുംബത്തിലെ അംഗത്തിന് വായ്പ നല്‍കിയതലും ദുരൂഹത ഉണ്ടെന്നാണ് പരാതിയിലെ ആരോപണം. പ്രമാദമായ കണിച്ചുകുളങ്ങര കേസിലെ അന്വേഷണത്തില്‍ ഔദ്യോഗിക ചുമതലയില്‍ പക്ഷപാതപരമായി പെരുമാറി എന്നതാണ് മറ്റൊരു പരാതി.

തിരുനല്‍വേലിയിലെ സങ്കരന്‍കാട് വില്ലേജിലെ 50 ഏക്കറോളം വരുന്ന ഭൂമി സെന്‍കുമാറിന്റെ ഇടപെടല്‍ മൂലം നിക്ഷേപകര്‍ക്ക് ലഭിച്ചില്ല എന്ന് ചൂണ്ടികാട്ടി കണിച്ചുകുളങ്ങര ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വിഎ ഹക്കീം ആണ് വിജിലന്‍സിനെ സമീപ്പിച്ചത്. പ്രതികളുടെ അടുത്ത ബന്ധുകളുമായി ഒത്തുകളിച്ചു എന്നാണ് പരാതിയിലെ ആക്ഷേപം.

സംസ്ഥാനത്തെ രണ്ട് വന്‍കിട പണമിടപാട് സ്ഥാപനങ്ങളുടെ ക്രമരഹിതമായ ഇടപാട് വിവിരങ്ങളെ പറ്റി റിസര്‍വ് ബാങ്ക് നല്‍കിയ രണ്ട് കത്തുകള്‍ ഇന്റലിജന്‍സ് മേധാവിയായിരിക്കെ സെന്‍കുമാര്‍ തുടരന്വേഷണം നടത്താതെ അവഗണിച്ചു എന്നാണ് മറ്റൊരു പരാതി. സെന്‍കുമാറിനെതിരായ ഈ പരാതിയില്‍ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തി വരുന്നത്.

കെഎസ്ആര്‍ടിസിയുടെ എംഡി ആയിരിക്കെ തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തി എന്നാണ് മറ്റെരു പരാതി. രണ്ട് വര്‍ഷം കൊണ്ട് അവസാനിക്കേണ്ടിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം നാല് തവണയായി ദീര്‍ഘിപ്പിച്ച് നല്‍കി. കരാര്‍ തുകയേക്കാള്‍ 10 കോട് രൂപ നിര്‍മ്മാതാക്കളായ എച്എംഎല്‍ കമ്പനിക്ക് അധികമായി നല്‍കി എന്നിവയാണ് പരാതിക്കാരനായ പായ്ച്ചിറ നവാസിന്റെ ആരോപണങ്ങള്‍.

ഒരു കൂട്ടം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ മറ്റൊരു പരാതിയിലും വയനാട്ടിലെ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും അന്വേഷണം നടക്കുന്നതായി വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് സര്‍ക്കാരിലേക്ക് അയച്ച രേഖകള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News