കോഹ്‌ലിപ്പട വീണ്ടും തോറ്റോടി; പുണെ സൂപ്പർ ജയന്റ്‌സിനോടു 61 റൺസിനു തോറ്റു; ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു

പുണെ: ഐപിഎല്ലിൽ കോഹ്‌ലിപ്പട വീണ്ടും തോറ്റോടി. പുണെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസുകൾക്കാണ് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ തോറ്റത്. 158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനു 9 വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനെ സാധിച്ചുള്ളു. 55 റൺസെടുത്ത നായകൻ വിരാട് കോഹ്‌ലിയുടെ നായകപ്രകടനം കൂടി ഇല്ലായിരുന്നെങ്കിൽ ബാംഗ്ലൂർ ദുരന്തം ഇതിനേക്കാൾ ഭീകരമായേനെ. ഇതോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യത അവസാനിക്കുകയും ചെയ്തു.

പത്താം സീസണിൽ ബാംഗ്ലൂരിന്റെ ശാപം തീരുന്നില്ല എന്നതിന്റെ തെളിവായിരുന്നു മത്സരം. ടോസ് നേടിയിട്ടും ഫീൽഡ് ചെയ്യാൻ തീരുമാനിച്ചിടത്ത് തുടങ്ങിയിരുന്നു ബാംഗ്ലൂരിന്റെ ഭാഗ്യദോഷം. ഓപ്പണർ രഹാനെയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും പിന്നീടങ്ങോട്ട് പുണെക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാഹുൽ ത്രിപാഠിയും സ്റ്റീവ് സ്മിത്തും മനോജ് തിവാരിയും ധോണിയും അടിച്ചു തകർത്തപ്പോൾ പുണെ സ്‌കോർ 157 ആയി. ത്രിപാഠി (37), സ്റ്റീവ് സ്മിത്ത് (45), മനോജ് തിവാരി (44 നോട്ടൗട്ട്), എംഎസ് ധോണി (21 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു സ്‌കോർ.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനു തൊട്ടതെല്ലാം പിഴച്ചു. 2 റൺസെടുത്ത ഓപ്പണർ ട്രാവിസ് ഹെഡിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. ഓരോരുത്തരായി മടങ്ങുമ്പോഴും ക്രീസിൽ ഒരറ്റത്ത് ഉറച്ചുനിന്ന് കോഹ്‌ലി അവസാന നിമിഷം വരെ പോരാടി. കോഹ്‌ലി ഒഴികെ മറ്റാരും ബാംഗ്ലൂർ നിരയിൽ രണ്ടക്കം കടന്നില്ല. വെടിക്കെട്ട് വീരൻമാരെല്ലാം വന്ന ഉടനെ മടങ്ങി.

ഡിവില്ലിയേഴ്‌സ് (3), കേദാർ ജാദവ് (7), സച്ചിൻ ബേബി (2), സ്റ്റുവർട്ട് ബിന്നി (1), പവൻ നേഗി (3), ആദം മിൽനേ (5), സാമുവൽ ബദ്രി (2), എസ് അരവിന്ദ് (8 നോട്ടൗട്ട്), യുസവേന്ദ്ര ചഹൽ (4 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു ബാംഗ്ലൂർ ബാറ്റ്‌സ്മാൻമാരുടെ പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here