പാകിസ്താൻ ക്രിക്കറ്റിനു നാണക്കേടുണ്ടാക്കി താരങ്ങൾ തമ്മിലടിച്ചു; വഴക്ക് ഉമർ അക്മലും ജുനൈദ് ഖാനും തമ്മിൽ; പ്രകോപനമായത് ജുനൈദ് ഗ്രൗണ്ടിൽ നിന്ന് ഓടിപ്പോയെന്ന ഉമറിന്റെ പരാമർശം

ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിനു നാണക്കേടുണ്ടാക്കി തമ്മിലടിച്ച് താരങ്ങൾ. പാക് ക്രിക്കറ്റ് ടീം നായകൻ ഉമർ അക്മലും ഓൾ റൗണ്ടർ ജുനൈദ് ഖാനും തമ്മിലാണ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലി തർക്കമുണ്ടായത്. പാകിസ്താൻ കപ്പ് മത്സരത്തിനു മുന്നോടിയായിട്ടാണ് വഴക്കുണ്ടായത്. ജുനൈദ് ഗ്രൗണ്ടിൽ നിന്നു ഓടിപ്പോയെന്ന ഉമർ അക്മലിന്റെ പരാമർശമാണ് വഴക്കിനിടയാക്കിയത്.

മത്സരം തുടങ്ങുന്നതിനു മുമ്പായി ഇടങ്കയ്യൻ പേസ് ബൗളറായ ജുനൈദിനെ മാറ്റി പകരം ഓൾറൗണ്ടർ നാസിർ നസീറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു ഉമർ നൽകിയ വിശദീകരണമാണ് ജുനൈദിനെ ദേഷ്യം പിടിപ്പിച്ചത്. ടോസിടുന്ന സമയത്തായിരുന്നു ഉമർ അക്മലിന്റെ വിശദീകരണം. താൻ ഗ്രൗണ്ടിലെത്തിയപ്പോൾ ജുനൈദ് അവിടെ ഇല്ലായിരുന്നുവെന്നും അതു തന്നെ അത്ഭുതപ്പെടുത്തിയെന്നും ഉമർ അക്മൽ പറഞ്ഞു.

പിന്നീടാണ് പരിശീലകനും മാനേജരും ജുനൈദ് ഇന്നു കളിക്കുന്നില്ലെന്നു അറിയിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ ഇത് തന്നെ അറിയിക്കണമായിരുന്നുവെന്നും ജുനൈദിന്റെ പിന്മാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഉമർ അക്മൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന് പിന്നാലെ ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്ത് ജുനൈദ് തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തി.

ഭക്ഷ്യവിഷബാധ മൂലമാണ് താൻ മത്സരത്തിൽ നിന്നു വിട്ടുനിന്നതെന്നും അല്ലാതെ അക്മൽ പറയുന്നത് പോലെ ഓടിപ്പോയതല്ലെന്നും ജുനൈദ് തിരിച്ചടിച്ചു. ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതായും ടീം ഡോക്ടറാണ് തന്നോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടതെന്നും ജുനൈദിന്റെ മറുപടി വീഡിയോയിൽ പറയുന്നു.

വാക്‌പോര് സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡൊമെസ്റ്റിക് ക്രിക്കറ്റ് അഫയേഴ്‌സ് ജനറൽ മാനേജരായ ഷഫീഖ് അഹമ്മദാണ് അന്വേഷണസമിതിയുടെ തലവൻ. ഈ സമിതി നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചായിരിക്കും ഇരുവർക്കുമെതിരെ നടപടിയെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News