ആരോഗ്യനില വഷളായവരെ മാറ്റിയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസിന്റെ കാടന്‍ പ്രതിഷേധം; സമരാഭാസത്തിനെതിരെ കടുത്ത നിലപാടുമായി കോണ്‍ഗ്രസിലെ ഒരുവിഭാഗം; തടഞ്ഞത് സമരക്കാരായ ഗോമതി, കൗസല്യ എന്നിവരെ കൊണ്ടുപോയ ആംബുലന്‍സ്

മൂന്നാര്‍ : ആരോഗ്യനില വഷളായ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റിയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സമരക്കാരായ ഗോമതി, കൗസല്യ എന്നിവരെ മാറ്റുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ അതിക്രമം. ആരോഗ്യനില ഗുരുതരാവസ്ഥയിലായവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞ യൂത്ത് കോണ്‍ഗ്രസിന്റെ സമരാഭാസം ഇന്നേവരെ കേട്ടിട്ടില്ലാത്ത പ്രതിഷേധമായി.

മൂന്നാര്‍ ടൗണില്‍ സമരത്തിലായിരുന്ന ഗോമതി, കൗസല്യ എന്നിവരെയാണ് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് ആശുപ്ത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. ഇരുവരുടെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു നടപടിക്രമം. ഇരുവരുടെയും അറസ്റ്റ് പോലും രേഖപ്പെടുത്താതെയാണ് മാറ്റിയത്.

സമരത്തിനിടെ ഇരുവരുടെയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു. നിരാഹാരത്തെ തുടര്‍ന്ന് നിര്‍ജ്ജലീകരണാവസ്ഥയിലേക്ക് ഇരുവരുടെയും ആരോഗ്യാവസ്ഥ എത്തി. സമരം തുടരുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥരുടെ നീക്കത്തെ കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ് എന്നിവര്‍ തടയാന്‍ ശ്രമിച്ചു.

ഇവരെ അറസ്റ്റ് ചെയ്ത് മാറ്റിയപ്പോള്‍ ആപ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇവരെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. സമരക്കാരുടെ ആരോഗ്യനില കണക്കിലെടുത്ത് ഇരുവര്‍ക്കുമെതിരെ ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്യാതെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

തുടര്‍ന്ന് ഗോമതിയെയും കൗസല്യയെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് ഇരുവരുടെയും ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് സമരാഭാസം തുടങ്ങിയത്.

ആംബുലന്‍സിന് മുന്നില്‍ പ്രവര്‍ത്തകര്‍ പത്ത് മിനുട്ടോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. അക്രമത്തില്‍ വനിതാ സിഐയ്ക്ക് പരുക്കേറ്റു.

യൂത്ത് കോണ്‍ഗ്രസിന്റെ കാടന്‍ പ്രതിഷേധത്തിന് എതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരര്‍ന്നിട്ടുണ്ട്. രോഗകളെയുംകൊണ്ട് ആശുപത്രിയിലെത്തുന്ന ആംബുലന്‍സ് തടയുന്ന സമരമാര്‍ഗ്ഗം മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. കാടത്ത പ്രതിഷേധമല്ല, ഗാന്ധിയന്‍ സമര മാര്‍ഗ്ഗമാണ് കോണ്‍ഗ്രസിന്റെ നയമെന്ന് കോണ്‍ഗ്രസിനുള്ളിലെ ഒരുപക്ഷം നേതാക്കള്‍ വ്യക്തമാക്കുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ നടപടി മനുഷ്യത്വ രഹിതമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റും വിമര്‍ശിച്ചു. ഇത്തരം സമരാഭാസമാണോ കോണ്‍ഗ്രസ് നയമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കണമെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആശുപത്രിയില്‍ തുടരേണ്ടതില്ല എന്ന് തീരുമാനിച്ച സമരക്കാര്‍ ആശുപത്രി വിട്ടു. സ്വന്തചം ഇഷ്ടപ്രകാരമാണ് ആശുപത്രി വിടുന്നത് എന്ന് ഗോമതി, കൗസല്യ, രാജേശ്വരി എന്നിവര്‍ ആശുപത്രി അധികൃതരെ അറിയിച്ചു. സമരപ്പന്തലില്‍ എത്തിയശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel