പൂനെയിലെ സിപിഐഎം ഓഫീസില്‍ സ്‌ഫോടക വസ്തു ലഭിച്ച പാഴ്‌സലെത്തി; ഇന്ത്യന്‍ മണ്ണില്‍ നിന്ന് തീര്‍ത്തുകളയുമെന്ന് ഭീഷണിക്കത്ത്; പൂനെ പൊലീസ് അന്വേഷണം തുടങ്ങി

പൂനെ : പൂനെയിലെ സിപിഐഎം ഓഫിസില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ പാഴ്‌സലും ഭീഷണിക്കത്തും ലഭിച്ചു. പൂനെ നാരായണ്‍ പേത്തിലെ ഓഫീസിലാണ് രണ്ടും ലഭിച്ചത്. ചുവന്ന മുഖമുള്ള കഴുതകളെ ഇന്ത്യന്‍ മണ്ണില്‍ നിന്നും തീര്‍ത്തുകളയുമെന്ന ഭീഷണിയാണ് കത്തിലെ ഉള്ളടക്കം. സംഭവത്തില്‍ പൂനെ പൊലീസ് അന്വേഷണം തുടങ്ങി.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ബ്രൗണ്‍ കടലാസില്‍ പൊതിഞ്ഞ പാക്കറ്റ് ഓഫീസിലെത്തിയത്. അഭിയങ്കാര്‍ എന്നയാളുടെ അഡ്രസിലായിരുന്നു പാക്കറ്റ് എത്തിയത്. വ്യാഴാഴ്ച അഞ്ചുമണിയോടെയാണ് പാഴ്‌സല്‍ തുറന്ന് പരിശോധിച്ചത്. പ്ലാസ്റ്റിക് പെട്ടിയില്‍ പൊതിഞ്ഞ വസ്തുക്കള്‍ കണ്ടെത്തി. ഇതിനൊപ്പമാണ് ഭീഷണിക്കത്തും ലഭിച്ചത്. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂനെ പൊലീസില്‍ വിവരം അറിയിച്ചു.

പൂനെ പൊലീസിന്റെ കീഴിലുള്ള ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പാഴ്‌സലില്‍ സ്‌ഫോടക വസ്തുക്കളാണ് എന്ന് കണ്ടെത്തി. മറാത്തി ഭാഷയിലുള്ള ഭീഷണിക്കത്തും പൊലീസ് പരിശോധിച്ചു. ‘ചുവന്ന മുഖമുള്ള കഴുതകള്‍ ഞങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം എന്തായിരിക്കും സ്‌ഫോടനമെന്ന് കാണിക്കാനുള്ള സമയം വന്നിരിക്കുകയാണ്. ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളുടെ കൈ കെട്ടിയിട്ടിരിക്കുകയാണെന്നും കത്തിലുണ്ട്.

ക്ഷമ നശിച്ചാല്‍ ഇന്ത്യന്‍ മണ്ണില്‍ നിന്നും നിങ്ങളെ തീര്‍ത്തു കളയും. നിങ്ങള്‍ എന്തെങ്കിലും നശീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ അതേ രീതിയില്‍ തിരിച്ചടിക്കും. ഇപ്പോഴത്തേത് ഒരു സൂചനമാത്രം. അടുത്ത തവണ സൂചനയുണ്ടാവില്ല. മുഖത്ത് അടിയാവും ലഭിക്കുക. വന്ദേമാതരം ഭാരത് മാതാ കി ജയ്’ എന്നാണ് കത്തില്‍ പറയുന്നത്.

‘ആയുര്‍വേദാചാരി വേദന്ദ് കുല്‍ക്കര്‍ണി’ എന്നയാളുടെ പേരിലുള്ള കത്തില്‍ ഒരു വിലാസവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ഒരു വീട്ടമ്മയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രഫഷണല്‍ കൊറിയര്‍ സര്‍വ്വീസുകള്‍ വഴി എത്തുന്ന പാര്‍സലുകളില്‍ സാധാരണ കാണാറുള്ള ബാര്‍കോഡ് പോലുള്ള ഫീച്ചറുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാര്‍സല്‍ അയച്ചത് പ്രഫഷണല്‍ കൊറിയര്‍ സര്‍വ്വീസ് വഴിയല്ലെന്ന് പൊലീസ് സംശയിക്കുന്നു. പാക്കറ്റ് എത്തിച്ചയാളെ തിരിച്ചറിയുന്നതിനായി സിപിഐഎം ഓഫീസിനു സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News