കാസർഗോഡ്: കേരളത്തിൽ നിന്നു ഭീകരസംഘടനയായ ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് സ്വദേശി യഹിയ എന്ന ബെസ്റ്റിൻ വിൻസെന്റ് ആണ് കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചത്. ഇയാൾക്കൊപ്പം ഐഎസിൽ ചേർന്നതായി കരുതപ്പെടുന്ന അഷ്ഫാക്ക് ആണ് ബന്ധുക്കൾക്ക് യഹിയ കൊല്ലപ്പെട്ടതായി സന്ദേശം വാട്‌സ്ആപ്പിൽ അയച്ചത്.
കാസർഗോഡ് നിന്നു കാണാതായവരുടെ ബന്ധുക്കൾക്കാണ് അഷ്ഫാക്ക് സന്ദേശം അയച്ചത്. മുമ്പും ഐഎസിൽ ചേർന്ന മലയാളികളെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ തന്നെയാണ് അയച്ചിരുന്നത്. മുമ്പ് മലയാളികൾ അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ട വിവരം അറിയിച്ചതും അഷ്ഫാക്ക് തന്നെയായിരുന്നു. നേരത്തെ ടി.കെ ഹഫീസുദ്ദീൻ, മുർഷിദ് മുഹമ്മദ് (23) എന്നിവർ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം.
ഹഫീസുദ്ദീൻ ജനുവരി 27ന് അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പിന്നീട് 13 മലയാളികൾ കൂടി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നെങ്കിലും ഇതു തെറ്റാണെന്ന് സന്ദേശമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു മലയാളി കൂടി കൊല്ലപ്പെട്ടുവെന്ന സന്ദേശം.
Get real time update about this post categories directly on your device, subscribe now.