ഗോമതിയുടെ സമരത്തിനും ഒരണ സമരത്തിനും സാമ്യതകൾ ഏറെ; അന്നും ഇന്നും പ്രചരിപ്പിക്കുന്നത് ഒരേ കുതന്ത്രം; പക്ഷേ, അന്നത്തെപ്പോലെ എശിയില്ലെന്നു മാത്രം

മൂന്നാർ: ഗോമതിയുടെ സമരത്തിനും 1958-ലെ ഒരണ സമരത്തിനും സാമ്യതകൾ ഏറെയാണ്. അന്നും ഇന്നും രണ്ടു സമരത്തിലും ഒരേ കുതന്ത്രമാണ് വലതുപക്ഷം പയറ്റിയത്. പക്ഷേ, ഒരണ സമരം പോലെ മൂന്നാർ സമരം കത്തിപ്പടരുന്നില്ലെന്നു മാത്രം. അതിനു കാരണം ഒന്നു മാത്രമേ ഉള്ളു. 1958 അല്ല 2017 എന്നതുകൊണ്ട് തന്നെ.

മന്ത്രി എം.എം മണി സമരപ്പന്തലിലെത്തി മാപ്പു പറയണം എന്ന ആവശ്യത്തോടെയാണ് ഗോമതിയുടെ നിരാഹാരം തുടങ്ങിയത്. മന്ത്രി മണി പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ വേശ്യകളോടുപമിച്ചു എന്നായിരുന്നു തുടക്കത്തിൽ ഗോമതി ആരോപിച്ചിരുന്നത്. തങ്ങള് കുടിയും കൂത്താട്ടവും നടത്തിയെന്നും തേവിടിശ്ശികളാണെന്നും മന്ത്രി കുറ്റപ്പെടുത്തിയെന്ന് ഗോമതി സമരത്തിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നു. പിന്നീട്, മാധ്യങ്ങൾ പറഞ്ഞത് താൻ വിശ്വസിക്കുകയായിരുന്നു എന്ന് അവർക്കു തന്നെ തിരുത്തേണ്ടി വന്നു.

തെറ്റിദ്ധാരണ കൊണ്ടാണ് സമരം തുടങ്ങിയതെങ്കിൽ തെറ്റിദ്ധാരണ തീർന്നതോടെ സമരം നിർത്തണം. അതിനു പകരം പുതിയ മുദ്രാവാക്യങ്ങളുമായി സമരം തുടരുകയാണ് ഗോമതിയും സംഘവും ചെയ്തത്. ഇനി നടക്കുന്ന സത്യാഗ്രഹവും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു തന്നെയാണ്. പക്ഷേ, മുദ്രാവാക്യത്തിൽ ഒരു ചെറിയ വ്യത്യാസം ഉണ്ടെന്നു മാത്രം. തോട്ടം തൊഴിലാളികളുടെ ഭൂമി, കൂലി, ബോണസ് തുടങ്ങിയ ആവശ്യങ്ങൾ കൂടി പുതിയ ആവശ്യങ്ങളായി ഉന്നയിക്കുന്നുണ്ട്.

രാഷ്ട്രീയ ചരിത്രത്തിലെ അതിശയകരമായ ഒരു സാമ്യം ഈ ഘട്ടത്തിൽ ശ്രദ്ധേയമാകുകയാണ്. ഇതേ രീതിയിലാണ് ഒരണ സമരവും നടന്നത്. ഒന്നാം ഇഎംഎസ് സർക്കാർ കുട്ടനാട്ടിലെ ബോട്ടുകളിൽ വിദ്യാർത്ഥികൾക്കുണ്ടായിരുന്ന യാത്രാക്കൂലി സൗജന്യം റദ്ദാക്കി ഒരണയില് നിന്ന് 10 പൈസയാക്കി എന്ന് ആരോപിച്ചാണ് സമരം തുടങ്ങിയത്. കുട്ടനാട്ടിലെ ബോട്ട് യാത്ര സർക്കാർ ദേശസാത്കരിച്ചപ്പോഴായിരുന്നു സംഭവം. ഇത് വ്യാജ ആരോപണമായിരുന്നു.

രണ്ടു സ്‌കൂളിലെ കുട്ടികൾക്ക് സ്‌കൂളിൽ പോകുന്നതിനും വരുന്നതിനും മാത്രം സ്‌കൂൾ മുതലാളി സ്വന്തം ബോട്ടിൽ മാത്രം നൽകിയിരുന്ന ഒരാനുകൂല്യമായിരുന്നു ഒരണ യാത്ര. എന്നാൽ കുട്ടനാട്ടിലാകെ 15 വർഷമായി കുട്ടികൾക്ക് ഒരണയാണ് യാത്രക്കൂലി എന്നായിരുന്നു സമരക്കാരുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും പ്രചാരണം.

എന്നിട്ടും, സമരം തുടങ്ങിയതിനു പിന്നാലേ ആവശ്യം അംഗീകരിക്കാമെന്ന് ഗതാഗതമന്ത്രി ടി.വി തോമസ് പ്രഖ്യാപിച്ചു. പക്ഷേ, സമരം നിന്നില്ല. സ്‌കൂൾ ഫീസ് കുറയ്ക്കണം, പാഠപുസ്തക വില കുറയ്ക്കണം, കമ്മ്യൂണിസ്റ്റ് പുസ്തകങ്ങൾ റദ്ദാക്കണം എന്നീ ആവശ്യങ്ങൾ കൂടി ഉയർന്നു. കുട്ടനാട്ടിലെ ചെറുസമരം വിശാല കേരള സമരമായി. അപ്പോഴും സമരത്തിന്റെ പേര് ഒരണ സമരം എന്നു തന്നെ. ഒരുമാസം അതു നടന്നു. ഒടുവിൽ സമരം തീർന്നതാകട്ടെ ഒരുമാസം മുമ്പ് ടി.വി തോമസ് മുന്നോട്ടു വച്ച വാഗ്ദാനം അംഗീകരിച്ചുകൊണ്ടും.

മൂന്നാറിലും അതുപോലെയാണ് സമരമുണ്ടായത്. ഒരു വ്യാജ ആരോപണത്തിൽ സമരം തുടങ്ങി. ആരോപണം തകർന്നപ്പോൾ അതുമായി ബന്ധമില്ലാത്ത. പുതിയ ആവശ്യവുമായി സമരം തുടരുന്നു. പക്ഷേ, ഒരണ സമരം പോലെ വിശാല കേരള സമരമായി അതു വളരുന്നില്ല. 1958 അല്ല, 2017 എന്നതുകൊണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News