സെൻകുമാർ കേസിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി; വിധി പരിശോധിച്ച് ഉചിതമായ നടപടി ഉണ്ടാകും; സുപ്രീംകോടതി വിധി അന്തിമമാണ്

മലപ്പുറം: ടി.പി സെൻകുമാർ വിഷയത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ടിപി സെൻകുമാറിനെ പുനർനിയമിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും. സുപ്രീംകോടതി വിധി അന്തിമമാണെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു. ടി.പി സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് പുനർനിയമിക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സെൻകുമാറിനെ ക്രമസമാധാന സർവീസിൽ തിരിച്ചെടുത്ത് പൊലീസ് മേധാവി സ്ഥാനത്തു പുനർ നിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജിഷ, പുറ്റിങ്ങൽ കേസുകളുടെ പേരിൽ മാറ്റിയത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഡിജിപിയായി പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് സെൻകുമാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കോടതിയലക്ഷ്യ ഹർജിയാണ് സെൻകുമാർ ഫയൽ ചെയ്തിരുന്നത്. ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സെൻകുമാറിന്റെ ഹർജി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിർകക്ഷിയാക്കിയായിരുന്നു ഹർജി ഫയൽ ചെയ്തിരുന്നത്.

നഷ്ടപ്പെട്ട കാലാവധി നീട്ടി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സമാനമായ കേസിൽ കർണാടക ചീഫ് സെക്രട്ടറിയെ ശിക്ഷിച്ചതും സെൻകുമാർ ചൂണ്ടിക്കാണിച്ചു.

ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ടി.പി സെൻകുമാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഡിജിപി സ്ഥാനത്തു നിന്ന് മാറ്റാൻ അധികാരമുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞാണ് കോടതി വിധി. ചട്ടവിരുദ്ധമായാണ് തന്റെ മാറ്റിയതെന്നായിരുന്നു സെൻകുമർ കോടതിയിൽ വാദിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here