മുൻ ഡിജിപി അസഫ് അലി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി; തട്ടിപ്പ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ആയിരിക്കെ

കണ്ണൂർ: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന ടി.അസഫ് അലി എജ്യുക്കേഷൻ സൊസൈറ്റിയുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയതായി പരാതി. ന്യൂമാഹി പഞ്ചായത്തിലെ എംഎം എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് ആയിരിക്കെ അധ്യാപക നിയമനം, വിദ്യാർത്ഥി പ്രവേശനം, സ്റ്റാഫ് നിയമനം എന്നിവയിൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പേരിൽ പണം തട്ടിയെടുത്തതായാണ് പരാതി. കതിരൂർ സ്വദേശി മൈലിക്കര അബ്ദുൾ റഹീം വിജിലൻസ് ഡിവൈഎസ്പിക്കു പരാതി നൽകി.

കണക്കുകൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ബോധിപ്പിക്കാറില്ലെന്നും പരാതിയിൽ പറയുന്നു. സംസ്‌കൃത അധ്യാപികയിൽ നിന്നും 17 ലക്ഷം രൂപയും 2017-ൽ കംപ്യൂട്ടർ ടീച്ചർ തസ്തികയിലേക്ക് തൃശ്ശൂരിലെ മോഹനകൃഷ്ണനിൽ നിന്ന് 32 ലക്ഷം രൂപയും പ്രസിഡന്റ് ആയ അസഫ് അലി നേരിട്ട് ചോദിച്ചു വാങ്ങിയതായാണ് പരാതി. ക്ലാസ് ഫോർ ജീവനക്കാരനായ നൗഷാദിൽ നിന്നും ഏഴു ലക്ഷം രൂപയും ലാബ് അസിസ്റ്റന്റ് ആയി നിയമിച്ച വഹാബിൽ നിന്ന് ആറു ലക്ഷം രൂപയും വാങ്ങിയതായും പരാതിയുണ്ട്.

ആകെ 87 ലക്ഷം രൂപ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പേരിൽ തട്ടിയെടുത്തു. 2016 ഏപ്രിലിൽ രണ്ടു നിയമനങ്ങളിൽ 24 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. പ്ലസ് വൺ മാനേജ്‌മെന്റ് ക്വാട്ടയിൽ 12 വീതം സീറ്റാണ് സർക്കാർ സ്‌കൂളിനു അനുവദിച്ചത്. ഒരു കുട്ടിയിൽ നിന്ന് 25,000 രൂപ വീതം 24കുട്ടികളിൽ നിന്നും ആറു ലക്ഷം രൂപ റസീറ്റ് പോലും നൽകാതെ കൈവശപ്പെടുത്തിയതായി നേരിട്ട് അറിയാമെന്നും പരാതിയിൽ പറയുന്നു.

സൊസൈറ്റി നേരിട്ട് കെട്ടിട നിർമാണം നടത്തുന്നതായി വ്യാജ തെളിവുണ്ടാക്കി നികുതി വെട്ടിപ്പ് നടത്തി പ്രസിഡന്റിന്റെ ബിനാമിയായ ചാലക്കുടി സ്വദേശിക്ക് കോൺട്രാക്ട് നൽകിയതായും പരാതിയിൽ പറയുന്നു. പ്രസിഡന്റും ജനറൽ സെക്രട്ടറിയും കോഴ ആവശ്യപ്പെടുന്നതിന്റെ ഫോൺ സംഭാഷണം അടക്കം കതിരൂർ സ്വദേശി മൈലിക്കര അബ്ദുൾ റഹീം വിജിലൻസ് ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News