നരേന്ദ്ര മോദിയുടെ റാലിക്കു നേരെ സ്‌ഫോടനം നടത്താൻ ഐഎസ് പദ്ധതിയിട്ടു; പിന്നിൽ ഭോപ്പാൽ-ഉജ്ജയ്ൻ ട്രെയിൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻമാർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കു നേരെ സ്‌ഫോടനം നടത്താൻ ഐഎസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭോപ്പാൽ-ഉജ്ജയ്ൻ ട്രെയിൻ സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരാണ് സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതെന്നും എൻഐഎ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റാലിയെ ലക്ഷ്യമിട്ട് ബോംബുകൾ സ്ഥാപിച്ചെങ്കിലും സ്‌ഫോടനം നടന്നില്ലെന്നാണ് എൻഐഎയുടെ റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബർ 17ന് പ്രധാനമന്ത്രി പങ്കെടുത്ത ലഖ്‌നൗ രാംലീല മൈതാനിയിൽ നടന്ന റാലിയിൽ ഐഎസ് അനുകൂല സംഘടന സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ട്രെയിൻ സ്‌ഫോടന കേസിൽ അറസ്റ്റിലായ മുഹമ്മദ് ഡാനിഷാണ് എൻഐഎയ്ക്ക് മൊഴി നൽകിയത്. ഡാനിഷും ആതിഫ് മുസാഫറും സുഹൃത്തുക്കളും ചേർന്നാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും എൻഐഎ പറയുന്നു.

സംഘടനയുടെ മേധാവിയായി പറയപ്പെടുന്ന ആതിഫ് ഇതിനായി ബോംബുകൾ നിർമ്മിക്കുകയായിരുന്നെന്നും മൈതാനത്തിന് സമീപം ഇത് സ്ഥാപിച്ചിരുന്നെങ്കിലും സ്‌ഫോടനം നടന്നില്ലെന്നും ഡാനിഷ് മൊഴി നൽകിയിട്ടുണ്ട്. മാർച്ച് 27ന് ഉജ്ജയ്ൻ റെയിൽവേ ട്രാക്കിൽ ബോംബുകൾ സ്ഥാപിച്ച കേസിലാണ് ആതിഫുൾപ്പെടെ ആറു പേരെ എൻഐഎ അറസ്റ്റ് ചെയ്തത്. ഖുരാസൻ മൊഡ്യൂൾ എന്നറിയപ്പെടുന്ന ഭീകരവാദി വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത തലവനാണ് കസ്റ്റഡിയിലുള്ള ആതിഫ്.

ദസറ രാത്രിയൽ വേദിക്കരികിലുള്ള ചവറ്റു കൂട്ടയിൽ ഇവ നിക്ഷേപിക്കുകയായിരുന്നു. ബോംബുകൾക്കൊപ്പം ടൈമറും സ്ഥാപിച്ചിരുന്നെങ്കിലും പൊട്ടിയില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോൾ ഏതാനം വയർ കഷ്ണങ്ങൾ മാത്രമാണ് കണ്ടതെന്ന് മൊഴി നൽകിയെന്നും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News