കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചിടത്ത് സംസ്ഥാനം കാട്ടിയത് ഇച്ഛാശക്തി; സംസ്ഥാന കാഷ്യൂ ബോര്‍ഡ് യാഥാര്‍ത്ഥ്യത്തിലേക്ക്; പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന വ്യവസായത്തിന് ഊര്‍ജ്ജമാകുന്ന മുന്നേറ്റം

രാജ്കുമാര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്

കൊല്ലം : കേരള കാഷ്യൂ ബോര്‍ഡ് രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ജില്ലയിലെ കശുവണ്ടി മേഖലയില്‍ ഉയര്‍ത്തുന്നത് വലിയ പ്രതീക്ഷകള്‍. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന വ്യവസായത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ഇത്തരത്തിലൊരു സംവിധാനം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

കോഫി ബോര്‍ഡ്, റബര്‍ ബോര്‍ഡ് എന്നിവയുടെ മാതൃകയില്‍ ദേശീയതലത്തില്‍ കാഷ്യൂ ബോര്‍ഡ് ആരംഭിക്കണമെന്നും അതിന്റെ ആസ്ഥാനം കൊല്ലത്ത് വേണമെന്നുമുള്ള മുറവിളി കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുകയായിരുന്നു.

Cashew-Factory

കേന്ദ്ര സര്‍ക്കാറിന് കീഴില്‍ കാഷ്യൂബോര്‍ഡ് കൊല്ലം ആസ്ഥാനമായി തുടങ്ങാനുള്ള സാധ്യത പിന്നീട് ഇല്ലാതായി. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാറിന് കീഴില്‍ കാഷ്യൂ ബോര്‍ഡ് കൊല്ലം കേന്ദ്രമാക്കി തുടങ്ങാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് വ്യവസായത്തെ സംരക്ഷിച്ച് തോട്ടണ്ടി സംഭരണം, ഉല്‍പന്ന വിപണനം, തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നേരിട്ട് തീരുമാനമെടുക്കാവുന്ന സംവിധാനമായി ബോര്‍ഡിനെ മാറ്റുകയാണ് ലക്ഷ്യം. ആഭ്യന്തര വിപണിയില്‍ തോട്ടണ്ടി ആവശ്യാനുസരണം ലഭ്യമാവാത്തതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നാണ് ആവശ്യമായതിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നത്.

Cashew-Nut

കശുവണ്ടി വികസന കോര്‍പറേഷനും, കാപക്‌സും വെവ്വേറെ ടെണ്ടര്‍ ക്ഷണിച്ചാണ് തോട്ടണ്ടി വാങ്ങുന്നത്. തോട്ടണ്ടി വാങ്ങുന്നതിലെ ഗുണനിലവാരം, കരാര്‍ വ്യവസ്ഥകള്‍, വില എന്നിവ സംബന്ധിച്ച് തുടര്‍ച്ചയായുണ്ടാകുന്ന ആരോപണങ്ങളും കശുവണ്ടി മേഖലയെ അസ്വസ്ഥമാക്കുന്നു. കാഷ്യൂ ബോര്‍ഡ് വരുന്നതോടെ ഇത്തരം കാര്യങ്ങള്‍ യുക്തമായ തീരുമാനവും ഇടപെടലുകളും നടത്താനാവുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമാവും. മുന്‍കാലങ്ങളില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ആവശ്യനുസരണം തോട്ടണ്ടി വിദേശരാജ്യങ്ങളില്‍ നിന്നടക്കം നേരിട്ട് വാങ്ങുന്നതായിരുന്നു പതിവ്. പിന്നീട് തോട്ടണ്ടി വിവിധ രാജ്യങ്ങളില്‍ നിന്ന് വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന ലോബി സജീവമായി.

Cashew-Shell

ഇതുമൂലം തോട്ടണ്ടി ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ പൊതുമേഖലയ്ക്ക് പുറമേ സ്വകാര്യ ഫാക്ടറികളും നിര്‍ബന്ധിതരാവുന്നു. ഈ സാഹചര്യവും കാഷ്യൂ ബോര്‍ഡ് രൂപവത്കരിക്കുന്നതോടെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപെക്‌സിന്റെയും സാമ്പത്തികനില ഇപ്പോള്‍ ഭദ്രമാണ്. 80 കോടി രൂപയുടെ ബാങ്ക് ബാധ്യത അടച്ചു തീര്‍ത്തിട്ടുണ്ട്.

സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനാല്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകളും തയാറായിട്ടുണ്ട്. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയതും പ്രതീക്ഷ നല്‍കുന്നു. സംസ്ഥാനത്ത് തോട്ടണ്ടി ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുവാന്‍ ഇതിനകം ആരംഭിച്ച ശ്രമങ്ങളും ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.

Cashew-Corporation

കശുവണ്ടി വികസന കോര്‍പറേഷന്റെ വിവിധ ഫാക്ടറികളിലെ 90 ഏക്കര്‍ സ്ഥലത്ത് കശുമാവ് കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ നടത്തുന്ന പദ്ധതിക്കും ഇതിനകം രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ രൂപവല്‍കരിക്കാന്‍ ലക്ഷ്യമിടുന്ന ‘കാഷ്യൂ ബോര്‍ഡ്’ സംബന്ധിച്ച ഫയല്‍ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

കശുവണ്ടി മേഖലയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ ബോര്‍ഡ് നിലവില്‍വരുന്നതോടെ കഴിയും. സ്വകാര്യ മേഖലയേയും സഹായിക്കാനാവും. കേരള കാഷ്യൂ വര്‍ക്കേഴ്‌സ് സെന്റര്‍ ആറാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ മേഖലയില്‍ അടച്ചിട്ടിരിക്കുന്ന ഫാക്ടറികള്‍ തുറന്നേ മതിയാവൂവെന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും ജെ മെഴ്‌സിക്കുട്ടിയമ്മ പറയുന്നു.

J-Mercykkutty-Amma

ചെറുകിട വ്യവസായികള്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് എങ്ങനെ പരിഹരിക്കാനാവുമെന്ന് സര്‍ക്കാര്‍ പരിശോധിക്കും. കശുവണ്ടി വികസന കോര്‍പറേഷനും കാപക്‌സും വഴി ലാഭമുണ്ടാക്കുകയല്ല, നഷ്ടം വരുത്താതെ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിലൂടെ കശുവണ്ടി മേഖലയില്‍ നികുതിഭാരം വര്‍ധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News