കളക്ഷനില്‍ വിസ്മയം തീര്‍ത്ത് ബാഹുബലി; കുതിക്കുന്നത് ആയിരം കോടിയിലേക്ക്

ഇന്ത്യന്‍ സിനിമയുടെ ബോക്‌സോഫീസില്‍ ബാഹുബലിക്ക് മുന്നില്‍ തകരാന്‍ ഇനി റെക്കോര്‍ഡുകളൊന്നും ബാക്കിയുണ്ടാകുമെന്ന് തോന്നുന്നില്ല. ആയിരം കോടിയെന്ന സ്വപ്ന നേട്ടത്തിലേക്കാണ് ബാഹുബലിയുടെ കുതിപ്പെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. റിലീസിംഗിന്റെ രണ്ടാം ദിനത്തിലും നൂറ് കോടിയിലേറെ വാരിയാണ് രാജമൗലിയുടെ ബ്രഹ്മാണ്ഡ സിനിമ ബോക്‌സോഫീസിനെ ഇളക്കി മറിച്ചിരിക്കുന്നത്.

ആദ്യ ദിനത്തില്‍ 125 കോടിയോളം കളക്ട് ചെയ്ത ചിത്രം രണ്ടാം ദിവസത്തില്‍ നേടിയത് 107 കോടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്. രണ്ടു ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 230 കോടിയിലേറെ കളക്ട് ചെയ്ത ചിത്രം നാലു ദിവസം കൊണ്ട് 300 കോടി മറികടക്കുമെന്നാണ് പ്രവചനങ്ങള്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ആമീര്‍ ഖാന്റെ പികെയുടെ റെക്കോര്‍ഡ് 10 ദിവസത്തിനുള്ളില്‍ ബാഹുബലി കണ്‍ക്ലൂഷന്‍ മറികടക്കുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നു.

750 കോടിയായിരുന്ന പികെയുടെ മുഴുവന്‍ കളക്ഷന്‍. ആയിരം കോടി കടക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും വൈകാതെ ബാഹുബലിക്ക് മുന്നില്‍ തകരും. വിദേശത്തെ കളക്ഷന്‍ കൂടി ചേരുമ്പോള്‍ ബാഹുബലി ഇപ്പോള്‍ തന്നെ മുന്നൂറ് കോടി കടന്നു കഴിഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ ഓവര്‍സീസ് കളക്ഷന്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഹിന്ദി മേഖലയില്‍ നിന്ന് മാത്രം ബാഹുബലി രണ്ട് ദിവസം കൊണ്ട് വാരിയത് 85 കോടിയോളം രൂപയാണ്. ബോളിവുഡ് സിനിമക്ക് പോലും ലഭിക്കാത്ത വരവേല്‍പാണ് ഹിന്ദി ഭൂമിയില്‍ ബാഹുബലിക്ക് ലഭിച്ചത്. തെലുങ്ക് മേഖലയില്‍ ആദ്യ ദിനം 45 കോടി കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തിലും 43 കോടിയോളം അക്കൗണ്ടിലെത്തിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കോടികളുടെ കിലുക്കമാണ് ബാഹുബലി നടത്തിയത്. റിലീസിംഗിന് മുമ്പ് തന്നെ നേടിയ 500 കോടി കൂടി ചേര്‍ക്കുമ്പോള്‍ ബാഹുബലിയെ ഇപ്പോള്‍ തന്നെ 1000 കോടിക്ക് അടുത്തെത്തിച്ച് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News